Top Stories

നാട്ടിലേക്ക് വന്ന മലയാളികളെ അതിർത്തിയിൽ തടഞ്ഞ വിഷയത്തിൽ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : നാട്ടിലേക്ക് വന്ന മലയാളികളെ സംസ്ഥാന അതിർത്തിയിൽ തടഞ്ഞ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയം പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്ക്‌പോസ്റ്റുകളിൽ പാസ് കിട്ടാതെ മലയാളികൾ കുടുങ്ങിയ പശ്ചാത്തലത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ആളുകൾ സംസ്ഥാന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് അവധി ദിനത്തിലും പ്രത്യേക സിറ്റിംഗ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും ബെഞ്ച് പരിഗണിക്കും. പാസില്ലാതെ ഇവരെ സംസ്ഥാനത്തേക്ക് കടത്താൻ അനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നേരത്തെയും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും കോടതി ഇത്തരം ഇടപെടലുകൾ നടത്തിയിരുന്നു.

ഇന്നലെ പുലർച്ചെ 5 മണി മുതൽ വാളയാറിലെത്തിയവർ പൊരിവെയിലിൽ ദേശീയപാതയോരത്തെ കുറ്റിക്കാട്ടിലും, റോഡരികിലുമായാണ് സമയം കാത്തു നിന്നത്. മറ്റ് ദിവസങ്ങളിൽ പാസ് ലഭിച്ച ആളുകളെ രാത്രി 7 മണിയോടെ അതിർത്തി കടക്കാൻ അനുമതി നൽകി. എന്നാൽ പാസില്ലാത്തവരെ ഒരു കാരണവശാലും അതിർത്തിക്കിപ്പുറം വിടില്ലെന്ന് പൊലീസ് നിലപാടെടുത്തു.

പിന്നീട് മതിയായ പാസില്ലാതെ വാളയാർ ചെക്ക് പോസ്റ്റിലെത്തിയവരെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 172 പേരെയാണ് കോയമ്പത്തൂരിലെ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയത്. വാളയാർ ചെക്ക് പോസ്റ്റിലെ 3 കിലോമീറ്റർ ദൂരം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. ഇനി മുതൽ പാസില്ലാതെ എത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുത്ത് തിരിച്ചയക്കാൻ പാലക്കാട് എസ്പി നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button