Top Stories
ഇടുക്കി കോവിഡ് മുക്തം:അവസാന രോഗിയും ആശുപത്രി വിട്ടു
ഇടുക്കി : ഇടുക്കിയിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു. രണ്ടാംഘട്ടത്തിൽ കൊവിഡ് ബാധിച്ച പതിനാല് പേരും രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ വീണ്ടും ഇടുക്കി ജില്ല കൊവിഡ് മുക്തമായി. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ജില്ലയിൽ ആകെ 24 പേർക്കായിരുന്നു കൊവിഡ് ബാധിച്ചത്. കടുത്ത ജാഗ്രത പുലർത്തിയതിനാൽ രണ്ടാംഘട്ട കോവിഡ് വ്യാപനം ഉണ്ടായപ്പോൾ സമൂഹ വ്യാപനമടക്കം ഒഴിവാക്കാനായി. ഏലപ്പാറയിലെ ആശാപ്രവർത്തകയാണ് ഒടുവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. രണ്ടാം ഘട്ടമായിരുന്നു കൂടുതൽ വെല്ലുവിളി ആയത്. വിദേശത്ത് നിന്നും, തമിഴ്നാട്ടിൽ നിന്നും വന്നവരാണ് ഇതിലേറെയുണ്ടായിരുന്നത്.
കൊവിഡ് മുക്തമെങ്കിലും ജില്ലയിലെ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകില്ല. അതിർത്തികളിൽ കർശന നിരീക്ഷണം തുടരുകയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ വരവ് വരും ദിവസങ്ങളിൽ കൂടുമെന്നതിനാൽ ഇവിടെ കൂടുതൽ ജാഗ്രത വേണ്ടിവരും.