പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോൺഫറൻസ് ആണ് ഇത്. സാമ്പത്തിക പ്രവർത്തനങ്ങളെ ക്കുറിച്ചും കൊറോണയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് സൂചന. രാജ്യവ്യാപകമായി പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗൺ 17-ന് അവസാനിക്കുന്ന സാഹചര്യത്തിൽകൂടിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുയി ചർച്ച നടത്തുന്നത്.
മെയ് 17-ന് ശേഷം തുറക്കേണ്ട മേഖലകൾ സംബന്ധിച്ച ധാരണയുണ്ടാക്കുന്നതിന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ശനിയാഴ്ച രണ്ട് സുപ്രധാന യോഗങ്ങൾ വിളിച്ചുചേർത്തിരുന്നു. കഴിഞ്ഞ ആഴ്ച കോവിഡ് കേസുകൾ കുത്തനെ റിപ്പോർട്ട് ചെയ്ത മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ഒരു യോഗം. വ്യാവസായ യൂണിറ്റുകൾ തുറക്കുന്നതും മറ്റുമായിരുന്നു രണ്ടാമത്തെ യോഗത്തിലെ വിഷയം. ഇന്ന് അദ്ദേഹം ചീഫ് സെക്രട്ടറിമാരുമായും ചർച്ച നടത്തി.