പ്രവാസികളേയും വഹിച്ചുള്ള ആദ്യ നാവികസേന കപ്പൽ ഇന്ന് കൊച്ചിയിലെത്തും
കൊച്ചി : ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി ലോക്ഡൗണിൽ കുടുങ്ങിയ മാലദ്വീപിലെ പ്രവാസികളായ മലയാളികളേയും വഹിച്ചുള്ള നാവികസേന കപ്പൽ ഐഎൻഎസ് ജലാശ്വ ഇന്ന് രാവിലെ പത്ത് മണിയോടെ കൊച്ചി തീരത്തെത്തും.
പ്രവാസികളെ നാട്ടിലെത്തിക്കാൻ നാവികസേന അയച്ച രണ്ടു കപ്പലുകളിൽ ആദ്യത്തേതാണിത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐ.എൻ.എസ്. മഗറും അടുത്തദിവസം ദ്വീപിലെത്തും. നാവികസേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ‘സമുദ്രസേതു’വിന്റെ ഭാഗമായാണ് കപ്പൽ അയച്ചത്. ആദ്യ ക്രമീകരണങ്ങൾ പ്രകാരം 732 പേരെയാണ് യാത്രയ്ക്ക് തിരഞ്ഞെടുത്തത്. ഇതിൽ ചിലരെ പരിശോധനകൾക്കൊടുവിൽ ഒഴിവാക്കി.
മാലദ്വീപിൽ നിന്നുള്ള യാത്രക്കാരെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നേരത്തേ പൂർത്തിയാക്കി മോക്ഡ്രില്ലും നടത്തിയിരുന്നു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും കോവിഡ് ഇതര രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക സംവിധാനങ്ങൾ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്.
കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ തുറമുഖത്ത് എത്തുമ്പോൾത്തന്നെ ഐസോലേഷൻ ഏരിയയിലേക്ക് മാറ്റും. സുരക്ഷാവസ്ത്രങ്ങൾ ധരിച്ച പോലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷൻ പൂർത്തിയാക്കി ഇവരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുമായിരിക്കും തുടർന്നുള്ള നിരീക്ഷണത്തിനായി എത്തിക്കുന്നത്.
കോവിഡ് ഇതര രോഗങ്ങൾ ഉള്ള യാത്രക്കാരുടെ ആരോഗ്യകാര്യങ്ങൾ പരിശോധിക്കാനുള്ള ചുമതല പോർട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. രോഗലക്ഷണമില്ലാത്തവർക്ക് സാധാരണ തരത്തിലുള്ള പരിശോധന പൂർത്തിയാക്കി അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.