സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(ഞായറാഴ്ച) 7 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.
20 പേരാണ് വിവിധ ആശുപത്രികളില്‍ നിലവിൽ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 26,712 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര് വീടുകളിലും 362 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ 37,464 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.