രാജ്യത്ത് നാളെമുതൽ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു
ഡൽഹി : രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസ് നാളെമുതൽ പുനരാരംഭിക്കുന്നു. ഘട്ടം ഘട്ടമായാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മേയ് 17ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.
ഇന്ന് വൈകിട്ട് 4 മണി മുതൽ മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിയ്ക്കും. ഐആർസിടിസി വെബ്സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. സ്റ്റേഷനിൽനിന്ന് ടിക്കറ്റ് വിൽപന ഉണ്ടാവില്ല. കൺഫേം ആയ ടിക്കറ്റുകൾ ഉള്ളവർക്ക് മാത്രമാണ് റെയിൽവേ സ്റ്റേഷനിൽ പ്രവേശനം അനുവദിക്കുക. യാത്രക്കാർ ഒരു മണിക്കൂർ മുമ്പെങ്കിലും റെയിൽവേ സ്റ്റേഷനിൽ എത്തണം. കർശനമായ ആരോഗ്യപരിശോധന നടത്തി കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക. യാത്രക്കാർ മാസ്ക് ധരിച്ചിരിക്കണം.
മടക്കയാത്ര ഉൾപ്പെടെ 30 സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഡല്‍ഹിയില്‍നിന്നുമാണ് എല്ലാ സര്‍വീസുകളും ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ദബ്രുഗഢ്, അഗർത്തല, ഹൗറ, പറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെൻട്രൻ, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേയ്ക്കായിരിക്കും സർവീസ്. എല്ലാ രാജധാനി റൂട്ടുകളിലും സർവീസുണ്ടാകും. മുഴുവൻ എ.സി. കോച്ചുകളുള്ള വണ്ടിയിലെ യാത്രയ്ക്ക് സൂപ്പർഫാസ്റ്റ് തീവണ്ടികളുടെ നിരക്കായിരിക്കും ഈടാക്കുക. എ.സി. കോച്ചിൽ പതിവുള്ള പുതപ്പുകളുംമറ്റും നൽകില്ല.