Top Stories
24 മണിക്കൂറിനിടെ രാജ്യത്ത് 4,213 കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം 4,213 ആയി. ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 67,000 കടന്നു. രാജ്യത്തൊട്ടാകെ 67,152 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് 24 മണിക്കൂറിനിടെ 128 പേർ മരിച്ചു. ഇതോടെ കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം 2,206 ആയി. മഹാരാഷ്ട്രയിൽ മാത്രം ഞായറാഴ്ച 63 പേർ മരിച്ചു. നിലവിൽ 44,029 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 20,917 പേർ രോഗവിമുക്തരായി.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ ഇന്നലെ 1,934 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 875 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കുടിയേറ്റത്തൊഴിലാളികളുടെ മടങ്ങിവരവ് കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ, ഒഡിഷ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 321 കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്-669, ഗുജറാത്ത്-398, ഡൽഹി-381 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ.