സംസ്ഥാനത്ത് 5 പേർക്കു കൂടി ഇന്ന് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് 5 പേർക്കു കൂടി ഇന്ന് (ചൊവ്വാഴ്ച) കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്ന് പേർക്കും പത്തനതിട്ട, കോട്ടയം എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇവരിൽ നാലുപേർ വിദേശത്തുനിന്നു വന്നതാണ്. ഒരാൾ ചെന്നൈയിൽനിന്ന് വന്നതാണ്. സംസ്ഥാനത്ത് ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് നിലവിൽ 32 രോഗബാധിതരുണ്ട്. ഇതുവരെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 31,143 പേർ വീടുകളിലും 473 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 95 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഇതുവരെ 38,547 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 37,727 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 3914 സാമ്പിളുകൾ പരിശോധിച്ചതിൽ 3894 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 34 ഹോട്ട്സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം,ആലപ്പുഴ,കൊല്ലം ജില്ലകളിൽ നിലവിൽ ആരും കോവിഡ്-19ന് ചികിത്സയിലില്ല. മലപ്പുറം സ്വദേശിയായ വ്യക്തിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്.
നിലവിലെ രോഗബാധിതരിൽ 23 പേർക്ക് വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തുനിന്നാണ്. ചെന്നൈയിൽനിന്ന് വന്ന ആറുപേർ, മഹാരാഷ്ട്രയിൽനിന്ന് വന്ന നാലുപേർ, നിസമുദ്ദീനിൽനിന്ന് വന്ന രണ്ടുപേർ, വിദേശത്തുനിന്ന് വന്ന 11 പേർ എന്നിങ്ങനെയാണിത്. ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ആറുപേർ വയനാട്ടിലാണുള്ളത്. ചെന്നൈയിൽ പോയി വന്ന ട്രെക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേർ, സഹഡ്രൈവറുടെ മകൻ, സമ്പർക്കം പുലർത്തിയ മറ്റു രണ്ടുപേർക്ക് എന്നിങ്ങനെയാണിത്.
രോഗം പകരുന്നതിന്റെ തോത് പ്രവചനാതീതമാണ്. കാസർകോട്ട് ഒരാളിൽനിന്ന് 22 പേർക്കും കണ്ണൂരിൽ ഒരാളിൽനിന്ന് ഒമ്പതു പേർക്കും വയനാട്ടിൽ ആറു പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ പകർന്നു. വയനാടിനു പുറത്ത് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ മൂന്നുപേർ ഗൾഫിൽനിന്ന് വന്നവരുടെ ബന്ധുക്കളാണ്. സംസ്ഥാനത്ത് ഇതുവരെ 70% പേർക്ക് പുറത്തുനിന്നും 30% പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.