News
മദ്യം വാങ്ങൽ ഇനി മുതൽ ഓൺലൈൻ വഴി
തിരുവനന്തപുരം: മദ്യം വാങ്ങൽ ഇനി മുതൽ ഓൺലൈൻ വഴി. സംസ്ഥാനത്തെ മദ്യശാലകളിൽ തിരക്ക് കുറയ്ക്കാനായി വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നു. ഓൺലൈനിൽ ലഭിക്കുന്ന കൂപ്പൺ പ്രകാരമായിരിക്കും മദ്യവിതരണം. ഇതിനുള്ള സോഫ്റ്റവെയർ തയ്യാറാക്കാൻ ബിവറേജസ് കോർപറേഷൻ സ്റ്റാർട്ടപ് മിഷന്റെ സഹായം തേടി.
മൊബൈൽ ആപ്പ് വഴിയും എസ്.എം.എസ്. മുഖേനയും മദ്യം ബുക്ക് ചെയ്യാം. മദ്യം വാങ്ങാൻ സമയക്രമവും അനുവദിക്കും. ഓൺലൈനിൽ നിർദേശിക്കപ്പെടുന്ന സമയത്ത് ഷോപ്പിലെത്തി മദ്യം വാങ്ങണം. ഓൺലൈൻ അനുമതി കൈമാറ്റം ചെയ്യാൻ കഴിയില്ല.
ഒരോ ഷോപ്പുകളുടെയും വിൽപ്പന കണക്കുകൾ ഇതിനായി ശേഖരിച്ചിരുന്നു. ഒരു ഷോപ്പിൽ മണിക്കൂറിൽ പരമാവധി സ്വീകരിക്കാൻ കഴിയുന്ന ഉപഭോക്താക്കളുടെ എണ്ണമെടുത്തിട്ടുണ്ട്. കൗണ്ടറുകൾ, ജീവനക്കാരുടെ എണ്ണം, ബില്ലിങ് മെഷീനുകളുടെ ശേഷി എന്നിവ കണക്കാക്കി ടോക്കൺ നൽകും. മദ്യം വാങ്ങുന്നവരുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാനും തുടർച്ചയായി വാങ്ങുന്നത് നിയന്ത്രിക്കാനും സോഫ്റ്റ്വേറിൽ സംവിധാനം ഉണ്ടാകും.
ബിവറേജസ് കോർപറേഷൻ എം.ഡി. തയ്യാറാക്കുന്ന രൂപരേഖയ്ക്ക് അടുത്ത മന്ത്രിസഭായോഗം അന്തിമ അനുമതി നൽകും. മദ്യഷോപ്പുകൾ തുറക്കുന്നത് സംബന്ധിച്ചും ഇതിൽ തീരുമാനം ഉണ്ടാകും. ഇനിമുതൽ കൺസ്യൂമർഫെഡ്, ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുമ്പോൾ ഇത്തരത്തിലായിരിക്കും മദ്യവിതരണം.