രാജ്യത്ത് കൊവിഡ് ബാധിതർ 70,000 കടന്നു
ഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ് . 24 മണിക്കൂറിനിടെ 3604 പോസിറ്റീവ് കേസുകളും 87 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 70756 ൽ എത്തി. 2293 പേർ കോവിഡ് ബാധിച്ചു മരിച്ചു. 46008 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 22455 പേർ രോഗമുക്തരായി.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ 31.15 ശതമാനം പേർക്ക് രോഗം ഭേദമാകുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 347 പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 8542 ആണ്. മരണം 513 ആയി. രോഗം പടരുന്ന അഹമ്മദാബാദിൽ ആകെ പോസിറ്റീവ് കേസുകൾ 6086 ആയി ഉയർന്നു. 400 പേർ മരിച്ചു.
തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്ത 798 കേസുകളിൽ 538 പേരും ചെന്നൈയിലാണ്. ആകെ കൊവിഡ് ബാധിതർ 8002 ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 310 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 7233 ആയി. രാജസ്ഥാനിൽ അഞ്ച് പേർ കൂടി മരിച്ചതോടെ മരണനിരക്ക് 113 ആയി ഉയർന്നു. പോസിറ്റീവ് കേസുകൾ നാലായിരത്തിലേക്ക് അടുക്കുകയാണ്. മധ്യപ്രദേശിൽ വൈറസ് ബാധിതർ 3,785 ആണ്. ഉത്തർപ്രദേശിൽ 106 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.