കോവിഡിനെ പ്രതിരോധിയ്ക്കാൻ ഇനിമുതൽ നമ്മുടെ ജീവിതരീതിയിൽ മാറ്റംവരുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് വൈറസ്, വാക്സിന്റെ അഭാവത്തിൽ എച്ച്ഐവി പോലെതന്നെ ലോകത്താകെ നിലനിൽക്കുന്ന ഒന്നായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പൊതു സമൂഹത്തിന്റെ ആകെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് പരമപ്രധാനമാണ്. നമ്മുടെ ആരോഗ്യസംവിധാനം ആ രീതിയിൽ ക്രമീകരിക്കും. ഒപ്പം, പൊതുമൂഹം അതിനനുസരിച്ച് ജീവിതരീതിയിൽ മാറ്റംവരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസ്ക് ശീലമാക്കുക, പൊതു ഇടങ്ങളിൽ തിക്കുംതിരക്കും ഇല്ലാതാക്കാൻ ക്രമീകരണങ്ങൾ ഉണ്ടാക്കുക തുടങ്ങിയവയൊക്കെ ഇതിൻറെ ഭാഗമായി ചെയ്യേണ്ടിവരും. അത്യാവശ്യത്തിനു മാത്രം യാത്രകളും കൂടിച്ചേരലുകളും നടത്തുക. റസ്റ്റോറന്റുകൾ ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ മുൻകൂട്ടി സമയം നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതായി വരും. ലോക്ക്ഡൗൺ തുടർന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകളിൽ നാം വൈറസിനെ കരുതിക്കൊണ്ടായിരിക്കണം ജീവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അരോഗ്യ-സാമൂഹ്യപ്രവർത്തന മേഖലയിലുള്ളവരും രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇവരുടെയെല്ലാവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഓരോ രാജ്യങ്ങളും നിർദേശിക്കുന്ന പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.