യുപി യിൽ ബസിടിച്ച് ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു
മുസഫർനഗർ : ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ബസിടിച്ച് ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
പഞ്ചാബിൽ നിന്ന് കാൽനടയായി ബിഹാറിലേക്ക് പോയ കുടിയേറ്റതൊഴിലാളികളാണ് യു പി യിൽ വച്ച് അപകടത്തിൽ മരിച്ചത്. മുസാഫർനഗർ-സഹ്രൻപുർ ഹൈവേയിൽ ഘലൗലി ചെക്ക്പോസ്റ്റിന് സമീപം വെച്ചായിരുന്നു അപകടം.
എട്ട് പേരുമായി പുറപ്പെട്ട സംഘത്തിലെ ആറുപേര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. രണ്ട്‌പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജന്മനാട്ടിലേക്ക് നടന്നുനീങ്ങിയ ഇവര്‍ക്കുമേല്‍ യാത്രക്കാരില്ലാതെ പോയ ബസ് പാഞ്ഞ് കയറുകയായിരുന്നു. ബസ്‌ഡ്രൈവര്‍ അപകടമുണ്ടായയുടന്‍ ഇറങ്ങിയോടി.
ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് കാൽനടയായി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ അപകടത്തിൽ മരിക്കുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ജന്മനാട്ടിലേക്ക് നടന്നുപോകുന്നതിനിടെ അതിഥി തൊഴിലാളികള്‍ റെയില്‍വേ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് മരിച്ചിരുന്നു.