വാളയാർ പ്രതിഷേധം: കോൺഗ്രസ് എം.എൽഎമാരും എംപിമാരും ക്വാറന്റീനിൽ പോകണം
പാലക്കാട് : വാളയാറിൽ പാസില്ലാതെയെത്തിയ മലയാളികളെ സംസ്ഥാനത്ത് പ്രവേശിപ്പിയ്ക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തിയ കോൺഗ്രസ് എം.എൽഎമാരും എംപിമാരും ക്വാറന്റീനിൽ പോകണമെന്ന് നിർദ്ദേശം. വാളയാർ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. ഇയാൾ കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
വി.കെ ശ്രീകണ്ഠൻ, രമ്യാഹരിദാസ്, ടി.എൻ പ്രതാപൻ എന്നീ എംപിമാരും എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ ഐക്കര എന്നിവരോടുമാണ് ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചത്.
കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടായിട്ടുണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് ഡിവൈഎസ്പിമാർ ഉൾപ്പെടെ 100 പോലീസുകാരും, കോയമ്പത്തൂർ ആർഡിഒയും, അമ്പത് മാധ്യമപ്രവർത്തകരും നാനൂറോളം പേരും ക്വാറന്റീനിലാണ്.
എന്നാൽ, സാമൂഹിക അകലം പാലിച്ചാണ് തങ്ങൾ വാളയാർ വഴി എത്തിയവരോട് സംസാരിച്ചതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ പക പോക്കലാണ് ഇതിന് പിന്നിലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.
വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിലും തങ്ങൾ ക്വാറന്റീനിൽ സ്വയമേധയാ പോകാൻ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്.
ഈ മാസം ഒൻപതിനാണ് മലപ്പുറം സ്വദേശി പാസില്ലാതെ വാളയാർ അതിർത്തിയിൽ എത്തിയത്. തുടർന്ന് വൈകിട്ട് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഇയാൾ പങ്കെടുത്തു. തുടർന്ന് രാത്രിയോടെ ഛർദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെയും ബന്ധുവിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എംഎൽഎ മാരുൾപ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. പാസില്ലാതെ ഇവിടെ പ്രതിഷേധിച്ച നിരവധിപേരുമായും ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും വിവരമുണ്ട്.