Top Stories
സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (വ്യാഴാഴ്ച) 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട്ട് 10 പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും പാലക്കാട്, വയനാട് ജില്ലകളിൽ 3 പേർക്കും കണ്ണൂരിൽ രണ്ടു പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് മൂന്നു പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കൊല്ലം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. ഇന്ന് കോവിഡ് സ്ഥിതീകരിച്ചവരിൽ ഏഴ് പേർ വിദേശത്തുനിന്നെത്തിയവരാണ്. ഏഴുപേർ മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരുമാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ രോഗബാധിതർ.
11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കാസർകോട് എഴു പേർക്ക്, വയനാട്- 3, പാലക്കാട് -1 എന്നിങ്ങനെയാണ് സമ്പർക്കം മൂലം രോഗബാധയുണ്ടായത്. ഇന്ന് രോഗം ബാധിച്ചവരിൽ കാസർകോടുകാരായ രണ്ട് ആരോഗ്യപ്രവർത്തകരും വയനാട്ടിലെ ഒരു പോലീസുകാരനും ഉൾപ്പെടുന്നു. പത്തനംതിട്ടയിൽ ഒരാൾക്ക് രോഗം ബാധിച്ചതായി മനസിലായത് സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്.
കേരളത്തിൽ 560 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64 പേർ ഇപ്പോൾ ചികിത്സയിലാണ്. 36910 പേരാണ് നിരീക്ഷണത്തിലുള്ളത്. 36362 പേർ വീടുകളിലും 548 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 174 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 4347 സാമ്പിളുകൾ ശേഖരിച്ചതിൽ 4249 നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂർ മൂന്ന്, കാസർകോട് 3, വയനാട് ഏഴ്, കോട്ടയം, തൃശ്ശൂർ ഒന്നുവീതം എന്നിങ്ങനെയാണ് ഇപ്പോൾ ഹോട്ട്സ്പോട്ടുകൾ.