കാസർഗോഡ് കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ പോലീസ് കേസെടുത്തു
കാസർകോട് : കാസർകോട് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ പോലീസ് കേസെടുത്തു.നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്ത് ഇടപഴകിയത് മറച്ചുവെച്ചതിനാണ് കേസ്. മഞ്ചേശ്വരം പോലീസാണ് ഇയാൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മെയ് മാസം നാലാം തിയതിയാണ് മഹാരാഷ്ട്രയിൽ നിന്ന് ഇദ്ദേഹത്തിന്റെ ബന്ധു എത്തിയത്. കോവിഡ് രോഗികൾ ഏറെയുള്ള പ്രദേശത്തുനിന്നാണ് ബന്ധു നാട്ടിലെത്തിയതെന്ന് അറിയാമായിരുന്നിട്ടും സിപിഎം നേതാവ് സർക്കാർ നിർദേശങ്ങൾ ലംഘിച്ച് നിയമാനുസൃതമല്ലാതെ എത്തിയ ഈ ബന്ധുവിനെ കോവിഡ് പ്രതിരോധ സെല്ലിൽ അറിയിക്കാതെ വീട്ടിൽ പാർപ്പിക്കുകയായിരുന്നു. മെയ് 11ന് ഇദ്ദേഹം ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പൊതുപ്രവർത്തകനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചു.
ഈ കാലയളവിൽ നേതാവ് മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അർബുദരോഗിയെ സന്ദർശിച്ചു. അവിടത്തെ കാൻസർ വാർഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിച്ചു. അടുത്തിടെ അന്തരിച്ച മുൻ സി.പി.എം.നേതാവിന്റെ ശവസംസ്കാരച്ചടങ്ങിലും രോഗം സ്ഥിരീകരിച്ച സി.പി.എം.പ്രാദേശിക നേതാവ് പങ്കെടുത്തു .
ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുഴുവൻ ആശുപത്രി ജീവനക്കാരോടും ക്വാറന്റീനിൽ പോകാനും സ്രവ പരിശോധന നടത്താനും ആരോഗ്യവകുപ്പ് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.ഇദ്ദേഹത്തിന്റെ ഭാര്യ പൈവിളകെ പഞ്ചായത്ത് അംഗമാണ്. അതിനാൽ തന്നെ പഞ്ചായത്ത് പ്രസിഡന്റിനോടും ക്വാറന്റീനിൽ പോകാൻ നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.
178 രോഗികളെയും ചികില്‍സിച്ച് ഭേദമാക്കി കൊവിഡ് മുക്ത ജില്ലയായ ശേഷം ഇപ്പോള്‍ 15 രോഗികളാണ് കാസര്‍കോട് ജില്ലയിലുള്ളത്.