മലപ്പുറത്ത് ഇന്ന് 4 പേർക്ക് കോവിഡ്
മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്ന് 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ ചെന്നൈയിൽ നിന്ന് എത്തിയവരും ഒരാൾ ദുബായിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ജില്ലയിലെത്തിയ പ്രവാസിയുമാണ്. മൂന്നു പേരുടെയും വിശദശാംശങ്ങളും റൂട്ട് മാപ്പും ജില്ലാ ഭരണകൂടം പുറത്തു വിട്ടു.
ചെന്നൈയിൽനിന്ന് വ്യത്യസ്ത സംഘങ്ങളായി എത്തിയ താനൂർ പരിയാപുരം സ്വദേശി 22കാരൻ, താനൂർ പരിയാപുരം ഓലപ്പീടിക സ്വദേശി 22കാരൻ, താനൂർ കളരിപ്പടി സ്വദേശി 48കാരൻ, ദുബായിൽ നിന്നെത്തിയ പുലാമന്തോൾ കുരുവമ്പലം സ്വദേശി എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ നാലുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലാണ്.
ചെന്നൈ വടപളനിയിൽ ചായക്കടയിലെ ജോലിക്കാരനാണ് വൈറസ്ബാധയുള്ള താനൂർ പരിയാപുരം സ്വദേശി (MLP 34). മെയ് 12 ന് വൈകീട്ട് ഏഴ് മണിയ്ക്ക് മറ്റ് നാലു പേർക്കൊപ്പം സർക്കാറിന്റെ അനുമതിയോടെ ട്രാവലറിൽ ചെന്നൈയിൽ നിന്ന് യാത്ര ആരംഭിച്ചു. മെയ് 13 ന് രാവിലെ 7.30 ന് വാളയാർ ചെക്പോസ്റ്റിലെത്തി.
അവിടെ നിന്ന് അതേ വാഹനത്തിൽ യാത്ര തുടർന്ന് രാവിലെ 11.30 ന് വേങ്ങരയിലെ ഒലിവ് റെസ്റ്റോറന്റിലെത്തി ഭക്ഷണം വാങ്ങി. കൂടെയുണ്ടായിരുന്ന ഒരാളെ കൊടിഞ്ഞിയിലാക്കിയ ശേഷം ഉച്ചയ്ക്ക് 1.30 ന് പരിയാപുരത്തെ സ്വന്തം വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. വീട്ടിലെത്തിയ ശേഷം ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് അന്നുതന്നെ രാത്രി ഒമ്പത് മണിയ്ക്ക് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു.
മെയ് 13 ന് രാത്രി സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. വീട്ടിൽ ഇയാളുമായി സമ്പർക്കമുണ്ടായ പിതാവ്, മാതാവ്, സഹോദരൻ എന്നിവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.കാഞ്ചീപുരത്ത് ചായക്കട നടത്തുകയാണ് താനൂർ പരിയാപുരം ഓലപ്പീടിക സ്വദേശി 22കാരൻ. മെയ് നാലിന് ചെന്നൈയിലെത്തി സർക്കാർ അനുമതിയോടെ മറ്റ് ഒമ്പത് പേർക്കൊപ്പം വാഹനത്തിൽ രാത്രി 10 മണിയ്ക്ക് യാത്ര ആരംഭിച്ചു. മെയ് അഞ്ചിന് രാവിലെ ഏഴ് മണിയ്ക്ക് വാളയാർ ചെക്ക്പോസ്റ്റിൽ എത്തി.
അതിർത്തിയിൽ പരിശോധനകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 12.30ന് യാത്ര തുടർന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് താനൂർ ഓലപ്പീടികയിലെ സ്വന്തം വീട്ടിലെത്തി സർക്കാർ നിർദേശപ്രകാരം പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. മെയ് ഒമ്പതിന് തൊണ്ടവേദന അനുഭവപ്പെട്ടു. രോഗലക്ഷണങ്ങൾ കൂടിയതോടെ മെയ് 12ന് പ്രത്യേകം ഏർപ്പെടുത്തിയ ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. അന്ന് തന്നെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചു.വൈറസ് ബാധ സ്ഥിരീകരിച്ച താനൂർ കളരിപ്പടി സ്വദേശി 48കാരൻ ചെന്നൈ ട്രിപ്ലിക്കാനിൽ ബേക്കറി ഉത്പന്നങ്ങളുടെ വിതരണക്കാരനാണ്. മെയ് 12ന് പുലർച്ചെ മൂന്നുമണിയ്ക്ക് ചെന്നൈയിൽ നിന്ന് സർക്കാർ അനുമതിയോടെ മറ്റ് ഒമ്പത് പേർക്കൊപ്പം നാട്ടിലേയ്ക്ക് യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിയ്ക്ക് വാളയാർ ചെക്പോസ്റ്റിൽ എത്തി. അതിർത്തിയിലെ പരിശോധനകൾക്കു ശേഷം മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ മറ്റൊരു വാഹനത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് യാത്ര തിരിച്ച് വൈകുന്നേരം ആറ് മണിയ്ക്ക് താനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തി പ്രത്യേക പരിശോധനയ്ക്ക് വിധേയനായി.
വൈകുന്നേരം 6.30 ന് താനൂർ നഗരസഭ സജ്ജമാക്കിയ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. മെയ് 13 ന് ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈകുന്നേരം ആറ് മണിയ്ക്ക് പ്രത്യേകം ഏർപ്പെടുത്തിയ 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. സാമ്പിൾ പരിശോധനയിൽ വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചു.
പുലാമന്തോൾ കുരുവമ്പലം സ്വദേശി 42 കാരൻ ദുബായിലെ അജ്മാനിൽ ഹോട്ടലിലെ ഡ്രൈവറാണ്. മെയ് ഏഴിന് ദുബായിൽ നിന്ന് ഐ.എക്സ് – 344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ രാത്രി 10.35 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രത്യേകം ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസിൽ മെയ് എട്ടിന് പുലർച്ചെ നാല് മണിയ്ക്ക് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.
മെയ് 11 ന് തൊണ്ടവേദന അനുഭവപ്പെട്ടതോടെ കോവിഡ് കെയർ സെന്ററിൽ നിന്നുതന്നെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. രോഗലക്ഷണങ്ങൾ കൂടുതൽ പ്രകടമായതോടെ മെയ് 12 ന് വൈകുന്നേരം 4.30 ന് പ്രത്യേകം ഏർപ്പെടുത്തിയ ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ മലപ്പുറം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. 15 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ചെന്നൈയിൽ നിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ സ്വന്തം വീടുകളിൽ പൊതുസമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം.
ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ഇപ്പോൾ രോഗം സ്ഥിരീകരിച്ച പ്രവാസി സഞ്ചരിച്ച വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം സർക്കാർ നിർദേശപ്രകാരം ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. ഇവർ ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഗർഭിണികളടക്കമുള്ളവർ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.