സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് 16 പേർക്ക് ഇന്ന് (വെള്ളിയാഴ്ച) കോവിഡ് സ്ഥിരീകരിച്ചു. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. ചികിത്സയിൽ കഴിയുന്ന ആർക്കും ഇന്ന് രോഗമുക്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.
ഇന്ന് പോസിറ്റീവ് ആയവരിൽ ഏഴു പേർ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്നാട്ടിൽനിന്നു വന്ന നാലു പേർക്കും മുംബൈയിൽനിന്നു വന്ന രണ്ടു പേർക്കും രോഗബാധ ഉണ്ടായി മൂന്നു പേർക്ക് രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്.
സംസ്ഥാനത്ത് ഇതുവരെ 576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 80 പേർ ചികിത്സയിലുണ്ട്. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്- 36 പേരെ. കോഴിക്കോട് 17, കാസർകോട് 16 എന്നിങ്ങനെയാണ് ഇന്ന് കൂടുതൽ പേരുള്ള ജില്ലകൾ. വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ആശുപ്ത്രിയിൽ കഴിയുന്നത് വയനാട് ജില്ലയിലാണ്. 19 പേരാണ് ഇവിടെയുള്ളത്.
ഇതുവരെ 42021 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 40639 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്. മുൻഗണനാവിഭാഗത്തിൽപ്പെട്ട 4630 സാമ്പിളുകളിൽ 4424 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 16 ആയി.
സംസ്ഥാനത്തെ 526 കോവിഡ് കേസുകളിൽ 311 പേർക്കാണ് വിദേശത്തുനിന്ന് വന്നവരാണ്. എട്ട് പേർ വിദേശികളാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 70 പേരാണ്. സമ്പർക്കത്തിലൂടെ രോഗബാധിതരായത് 187 പേരാണ്.
സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിക്കുന്നത് എല്ലാവരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സമ്പർക്കം വഴി രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കരുതൽ വർധിപ്പിച്ചേ മതിയാകൂ. ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങാനേ പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോർസൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.