Top Stories
24 മണിക്കൂറിനിടെ രാജ്യത്ത് 100 കോവിഡ് മരണങ്ങൾ
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ 100 പേർ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് 19 മരണസംഖ്യ 2649 ആയി ഉയർന്നു. 3967 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 കേസുകളുടെ എണ്ണം 81,970 ആയി ഉയർന്നു. ഇതിൽ 51,401 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 27,920 പേർ രോഗമുക്തരായി.
കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1602 പോസിറ്റീവ് കേസുകളാണ്. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയർന്നു. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് മരിച്ചത്. ഇതിൽ 25 ഉം മുംബൈയിലാണ്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 1019 ആയി.
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ പകുതിയിൽ കൂടുതലും മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. ഗുജറാത്തിൽ 9591 പേർക്കാണ് രോഗബാധ. 8470 പേർക്കാണ് ദില്ലിയിൽ രോഗം ബാധിച്ചത്. 115 കൊവിഡ് മരണങ്ങളും ദില്ലിയിൽ റിപ്പോർട്ട് ചെയ്തു.