കാർഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടിയുടെ ആശ്വാസ പദ്ധതികളുമായി ധനമന്ത്രി
ഡൽഹി : കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക പാക്കേജിൽ കാർഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടിയുടെ ആശ്വാസ പദ്ധതികളുമായി ധനമന്ത്രി നിർമല സീതാരാമൻ. 11 പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് പ്രഖ്യാപിച്ചത്.
അവശ്യവസ്തു നിയമം ഭേദഗതി ചെയ്യും. ആകർഷകമായ വിലയിൽ വിൽപ്പന നടത്താനും കടമ്പകളില്ലാത്ത അന്തർസംസ്ഥാന വിപണനത്തിനും കാർഷിക ഉത്പന്നങ്ങളുടെ ഡിജിറ്റൽ കച്ചവടത്തിനും ലക്ഷ്യമിട്ട് ദേശീയ നിയമത്തിനു രൂപം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ലോക്ക്ഡൗൺ സമയത്ത് താങ്ങുവിലയുടെ അടിസ്ഥാനത്തിൽ 74,300 കോടി രൂപയിലധികം നൽകി ഉൽപന്നങ്ങൾ വാങ്ങി. പി.എം. കിസാൻ ഫണ്ടിലൂടെ 18,700 കോടി രൂപയും പി.എം. ഫസൽ ബീമാ യോജന പ്രകാരം 64,000 കോടി രൂപയും കൈമാറിയതായി മന്ത്രി അറിയിച്ചു.
ക്ഷീര സഹകരണങ്ങൾക്ക് രണ്ടുശതമാനം വാർഷിക പലിശയിൽ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുകോടിയോളം ക്ഷീരകർഷർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അയ്യായിരം കോടിയുടെ അധിക പണലഭ്യത മേഖലയിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗൺ കാലയളവിൽ പ്രതിദിനം 560 ലക്ഷം ലിറ്റർ പാൽ സഹകരണസംഘങ്ങൾ വഴി സംഭരിച്ചപ്പോൾ പ്രതിദിനം 360 ലക്ഷം ലിറ്റർ പാൽ മാത്രമേ വിറ്റുള്ളൂ. അധികം വന്ന 111 കോടി ലിറ്റർ പാൽ 4,100 കോടി രൂപ നൽകി സംഭരിച്ചു.
ഭക്ഷ്യ സംസ്കരണ മേഖലയിൽ 10,000 കോടി രൂപയുടെ പദ്ധതി. ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകളെ ആഗോള ബ്രാന്‍ഡ് ആയി ഉയര്‍ത്താന്‍ ശ്രമിക്കും. ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകളിലെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് സഹായം. വനിതാ ക്ലസ്റ്ററുകള്‍ക്ക് ഊന്നല്‍, രണ്ടുലക്ഷം യൂണിറ്റുകള്‍ക്ക് നേട്ടം ലഭിയ്ക്കും.
സമുദ്ര-ഉൾനാടൻ മത്സ്യബന്ധന വികസനത്തിന് 20,000 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പാദൻ യോജന നടപ്പാക്കും. ഇതിൽ 11,000 കോടി സമുദ്ര-ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്കും അക്വാ കൾച്ചറിനുമാണ്. 9000 കോടി രൂപ ഹാർബറുകളുടെയും ശീതകരണ ശൃഖംലയുടെയും മാർക്കറ്റുകളുടെയും അടിസ്ഥാന സൗകര്യവികസനത്തിന്.55 ലക്ഷം പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മൃഗങ്ങളിലെ കുളമ്പുരോഗം, ബാക്ടീരിയ ജന്യയോഗം(ബ്രൂസെല്ലോസിസ്) എന്നിവ നിർമാർജനം ചെയ്യുന്നതിന് 1,343 കോടിയുടെ നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പദ്ധതി നടപ്പാക്കും.
മൃഗസംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടിയുടെ ഫണ്ട്. രാജ്യത്തെ എല്ലാ പശുക്കൾക്കും പ്രതിരോധ കുത്തിവയ്യപ്പെടുക്കും.
ഔഷധ സസ്യക്കൃഷി പ്രോത്സാഹിപ്പിക്കാൻ 4,000 കോടി. അടുത്ത രണ്ടുവർഷത്തിനകം 10 ലക്ഷം ഹെക്ടറിൽ ഔഷധ സസ്യക്കൃഷി ലക്ഷ്യം. ഗംഗാ തീരത്ത് 800 ഹെക്ടർ സ്ഥലം ഔഷധ സസ്യ ഇടനാഴിയാക്കും.
തേനീച്ച വളർത്തലിന് അഞ്ഞൂറു കോടി രൂപ. രണ്ടുലക്ഷത്തോളം തേനീച്ച കർഷകരുടെ വരുമാനം ഉയർത്തുകയാണ് ഇതിന്റെ ലക്ഷ്യം.
പച്ചക്കറി മേഖലയ്ക്ക് 500 കോടി. ഉത്പന്നങ്ങൾ അധികമുള്ള വിപണിയിൽനിന്ന് ഉത്പന്നങ്ങൾ ലഭ്യമല്ലാത്ത വിപണികളിലേക്ക് ഇവ എത്തിക്കുന്നതിന് ഗതാഗത സൗകര്യത്തിന് 50 ശതമാനം സബ്സിഡി.
തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കു മാത്രമായിരുന്ന ”ഓപ്പറേഷൻ ഗ്രീൻ” പദ്ധതിയിലേക്ക് മുഴുവൻ പച്ചക്കറികളെയും പഴങ്ങളെയും ഉൾപ്പെടുത്തി. പദ്ധതി ആദ്യഘട്ടത്തിൽ ആറുമാസം നടപ്പാക്കും. പിന്നീട് വിപുലപ്പെടുത്തുകയും കാലയളവ് നീട്ടുകയും ചെയ്യും.
അന്തർ സംസ്ഥാന വ്യാപാരം എളുപ്പത്തിലാക്കും.ഇതിനായി ഇ ട്രെഡിങ് രൂപരേഖ തയ്യാറാക്കും.
ഭക്ഷ്യ എണ്ണ, ഭക്ഷ്യധാന്യങ്ങള്‍, പയര്‍, ഉള്ളി, ഉരളക്കിഴങ്ങ് എന്നിവയെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.