കോഴിക്കോട് ഇന്ന് രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
കോഴിക്കോട് : കോഴിക്കോട് ഇന്ന് രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് ആയി. ചെന്നൈയിൽനിന്ന് വന്ന് മാനന്തവാടിയിൽ കോവിഡ് സ്ഥിരീകരിച്ചയാൾക്കൊപ്പം ഉണ്ടായിരുന്ന കോടഞ്ചേരി സ്വദേശി, കുവൈത്തിൽ നിന്നെത്തിയ 43 കാരനായ കൊയിലാണ്ടി സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കൊയിലാണ്ടി സ്വദേശി മെയ് 13ന് കുവൈത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതാണ്. അവിടെ നിന്ന് പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
കോടഞ്ചേരി സ്വദേശി മെയ് ഏഴിന് ചെന്നെയിൽ നിന്നു കാർ മാർഗ്ഗം കോടഞ്ചേരിയിൽ എത്തുകയും കൊറോണ കെയർ സെന്ററിൽ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. ഇയാളുടെ കൂടെ സഞ്ചരിച്ച ആൾ മാനന്തവാടിയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28 ആയി. ഇതിൽ 24 പേർ നേരത്തെ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. നാല് പേരാണ് ഇപ്പോൾ പോസിറ്റീവായി തുടരുന്നത്. ഇതുകൂടാതെ കോവിഡ് സ്ഥിരീകരിച്ച ഒരു മലപ്പുറം സ്വദേശിയും മെഡിക്കൽ കോളേജിലുണ്ട്.