News
ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തു;സസ്പെൻഷൻ നീട്ടാൻ തെളിവുകളില്ല
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം. ഡോക്ടർ കൂടിയാണെന്നതു പരിഗണിച്ചാണ് ആരോഗ്യ വകുപ്പിലേക്കു നിയമിക്കാൻ ഒരുങ്ങുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല നൽകാനാണ് സർക്കാർ തീരുമാനമെന്ന് റിപ്പോർട്ടുണ്ട്.
ഇനിയും സസ്പെൻഷനിൽ നിർത്താൻ ആവശ്യമായ തെളിവുകൾ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാരിന്റെ കയ്യിലില്ല. മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാനായി സമയത്ത് രക്തപരിശോധന നടത്താത്തതും ശ്രീറാമിന്റെ ഇഷ്ടം പോലെ കാര്യങ്ങൾ ചെയ്യാൻ പോലീസ് അവസരം നൽകിയതും ശ്രീറാമിനെതിരെയുള്ള തെളിവുകൾ നഷ്ടപ്പെടാൻ കാരണമായി. തെളിവുകൾ ഇല്ലാതെ സസ്പെൻഷൻ നീട്ടിയാൽ ബാധ്യതയാകുമെന്നും കോടതിയിൽനിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നുമുള്ള സർക്കാരിന്റെ വിലയിരുത്തലിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 3നു രാത്രി 12.55 നാണ് ബഷീർ കാറിടിച്ചു കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സർവേ ഡയറക്ടറായിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെൻഷൻ കാലാവധി മൂന്ന് മാസമായി നീട്ടിയിരുന്നു. ജനുവരി അവസാനം മുഖ്യമന്ത്രി ഇടപെട്ട് സസ്പെൻഷൻ വീണ്ടും 90 ദിവസംകൂടി നീട്ടിയിരുന്നു.