Top Stories
കൊവിഡ് സാമ്പത്തിക പാക്കേജിന്റെ അവസാന ഭാഗത്തിന്‍റെ പ്രഖ്യാപനം
ന്യൂഡൽഹി : കോവിഡ് പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന പ്രത്യേക കൊവിഡ് സാമ്പത്തിക പാക്കേജിന്റെ അവസാന ഭാഗത്തിന്‍റെ പ്രഖ്യാപനം തുടങ്ങി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും, ഇതിനായി ഭൂമി, തൊഴില്‍, പണലഭ്യത, നിയമം (Land, Labour, Liquidity And Law) എന്നീ മേഖലകളില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ടാണ് ധനമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്.
അന്ത്യോദയ അന്ന യോജന, കിസാന്‍ കല്യാണ്‍ യോജന, ജന്‍ധന്‍ യോജന, ഉജ്വല യോജന എന്നീ പദ്ധതികള്‍ വഴി എത്തിച്ച പണത്തിന്‍റെ കണക്കുകളും ഇതുവരെ നൽകിയ സഹായങ്ങളും ധനമന്ത്രി എടുത്തുപറഞ്ഞു. 8.19 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം 16900 കോടി വിതരണം ചെയ്തു. ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി സ്ത്രീകള്‍ക്ക് 25000 കോടി നല്‍കി. ഉജ്വല പദ്ധതി വഴി 6.81 കോടി സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കി. ഇ.പി.എഫിൽ നിന്ന് 12 ലക്ഷം ആളുകൾക്ക് പണം പിൻവലിക്കാൻ അനുവാദം നൽകി. 3,660 കോടി രൂപ ഇത്തരത്തിൽ ആളുകളിലേക്കെത്തി.
കുടിയേറ്റത്തൊഴിലാളികളുടെ മടക്കത്തില്‍ 85% തുകയും കേന്ദ്രസര്‍ക്കാരാണ് വഹിച്ചത്. നിർമാണ സതൊഴിലാളി ക്ഷേമനിധിയിൽ നിന്നുള്ള പണം നേരിട്ട് തൊവിലാളികൾക്ക് നൽകി. ഏകദേശം 3,955 കോടി രൂപ തൊഴിലാളികൾക്ക് നൽകി. 2.05 കോടി തൊഴിലാളികൾക്ക് ഇതിന്റെ നേട്ടമുണ്ടായി.
തൊഴിലുറപ്പ്, ആരോഗ്യം- വിദ്യാഭ്യാസം, ബിസിനസ്, കമ്പനി നിയമത്തിലെ ഭേദഗതികൾ, വ്യവസായം തുടങ്ങുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടികൾ, പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയ പരിഷ്കരണങ്ങൾ, സംസ്ഥാന സർക്കാരുകൾക്ക് കുടുതൽ വിഭവ സമാഹരണത്തിനുള്ള നിർദ്ദേശങ്ങൾ എന്നീ 7 മേഖലകളാണ് ഇന്നത്തെ പ്രഖ്യാപനത്തിലുള്ളത്. ഇന്നത്തെ പ്രഖ്യാപനങ്ങളും സ്വാശ്രയ ഭാരതം ലക്ഷ്യമിട്ടുള്ളതാണെന്നും ധനമന്ത്രി അറിയിച്ചു. ഭൂമി, തൊഴിൽ, നിയമം, പണം എന്നിവ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ പ്രഖ്യാപനങ്ങളെന്നും അവർ പറഞ്ഞു.
ഇന്നത്തെ പ്രഖ്യാപനങ്ങൾ
പൊതുജന ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഹിതം നൽകും.
എല്ലാ ജില്ലാ ആശുപത്രികളിലും പ്രത്യേക പകർച്ചവ്യാധി ബ്ലോക്കുകൾ.
ലാബ് ശൃംഖല മെച്ചപ്പെടുത്തും. ഗവേഷണം പ്രോത്സാഹിപ്പിക്കും.
തൊഴിലുറപ്പ് പദ്ധതിയ്ക്ക് നാൽപതിനായിരം കോടി കൂടി അധികമായി നൽകും. 300 അധിക തൊഴിൽദിനങ്ങൾ കൂടി ഉറപ്പാക്കും.
മഴക്കാലത്തും ജോലി അവസരങ്ങൾ ഉറപ്പാക്കും. കുടിയേറ്റ തൊഴിലാളികൾക്ക് മഴക്കാലത്തും തൊഴിൽ ഉറപ്പാക്കും.
ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നടപടികൾ. ദീക്ഷ എന്ന പേരിൽ ഓൺലൈൻ വിദ്യാഭ്യാസ പഠനപദ്ധതി.
ഈ – പാഠശാലയിൽ 200 പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തും. കാഴ്ച കേൾവി പ്രശ്നമുള്ളവർക്ക് പ്രത്യേക ഈ – കണ്ടന്റ് ലഭ്യമാക്കും.
ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്ക് ടിവി ചാനലുകൾ വഴി വിദ്യാഭ്യാസ പരിപാടികൾ സംപ്രേഷണം ചെയ്യും. 12 വിദ്യാഭ്യാസ ചാനലുകൾ കൂടി അനുമതി നൽകും. ഓരോ ക്ലാസിനും ഓര ടിവി ചാനൽ ഉണ്ടാക്കും. നാല് മണിക്കൂർ സ്വയംപ്രഭാ ഡിടിഎച്ച് സംവിധാനം തുടങ്ങും.
100 സർവകലാശാലകൾക്ക് ഈ മാസം അവസാനത്തോടുകൂടി ഓൺലൈൻ ക്ലാസുകൾക്ക് അനുമതി.
സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി കൂട്ടി. ജിഡിപിയുടെ മൂന്നു ശതമാനമായിരുന്നത് അഞ്ചുശതമാനമാക്കി.
പാപ്പർ പരിധി ഒരുകോടി രൂപയായി ഉയർത്തി
വായ്പ തിരിച്ചടവിലെ വീഴ്ചയ്ക്ക് ഒരു വർഷത്തേയ്ക്ക് നടപടിയുണ്ടാകില്ല.
കമ്പനികളുടെ സാങ്കേതിക പിഴവുകൾ ഇനി കുറ്റകരമാകില്ല.
പൊതുമേഖലയിൽ സമ്പൂർണ അഴിച്ചുപണി.
ഒരു മേഖലയിൽ ഇനി നാല് പൊതുമേഖല സ്ഥാപനങ്ങൾ മാത്രം
തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കും.
പൊതുമേഖല പൂർണമായും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കും
തന്ത്രപ്രധാന മേഖലകളിൽ ഒഴിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും
ഓവർഡ്രാഫ്റ്റ് പരിധി 14 ദിവസത്തിൽ നിന്ന് 21 ദിവസമാക്കി ഉയർത്തി.