കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് 6 മലയാളികൾ മരിച്ചു
കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മാത്രം 6 മലയാളികൾ മരിച്ചു. യുഎഇയിൽ മൂന്ന് പേരും കുവൈത്തിൽ രണ്ട് പേരും സൗദി അറേബ്യയിൽ ഒരാളുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 84 ആയി.
കോഴിക്കോട് എലത്തൂർ സ്വദേശി ടി.സി.അബ്ദുൾ അഷ്റഫ്(55) പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയഗോപാൽ(65) എന്നിവരാണ് കുവൈത്തിൽ മരിച്ചത്. രണ്ടാഴ്ചയായി അമീരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അഷ്റഫ്. കുവൈത്തിലെ നുസ്ഹ ജം ഇയ്യയിൽ ജോലിചെയ്തിരുന്ന അഷ്റഫ് കെഎംസിസി കോഴിക്കോട് ജില്ലാ കൗൺസിലറുമാണ്.
കാസർകോട് തലപ്പാടി സ്വദേശി അബ്ബാസ്(45), കാസർകോട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ്(56) എന്നിവരാണ് അബുദാബിയിൽ മരിച്ചത്. ഖലീഫ സിറ്റിയിലെ അൽഫുർസാൻ കമ്പനിയിൽ ഡ്രൈവറായിരുന്ന അബ്ബാസ് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മടിക്കൈ സ്വദേശി കുഞ്ഞാമദ് വർഷങ്ങളായി ബനിയാസ് വെസ്റ്റിലെ ബഖാല വ്യാപാരിയാണ്. പുലർച്ചെ മഫ്റഖ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആലപ്പുഴ കറ്റാനം ഭരണിക്കാവ് സ്വദേശി കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്ണപിള്ള ദുബായിൽ കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു.
കൊല്ലം അഞ്ചൽ സ്വദേശി ആതിര ഭവനിൽ മധുസൂദനൻ പിള്ള(61) സൗദി അറേബ്യയിലെ റിയാദിൽ കോവിഡ് ചികിത്സയിലിരിയ്ക്കെ മരിച്ചു.