Top Stories
നാലാം ഘട്ട ലോക്ക് ഡൗൺ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ഇന്ന് പുറത്തിറക്കും
ഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ച്ചാത്തലത്തിൽ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. നാളെ മുതൽ കൂടുതൽ ഇളവുകളോടെ നാലാം ഘട്ട ലോക്ക്ഡൌൺ ആരംഭിയ്ക്കും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ഇന്ന് പുറത്തിറക്കും. ഇതിനുള്ള മാര്‍ഗ നിര്‍ദ്ദേശത്തിന് ആഭ്യന്തര മന്ത്രാലയം ഇന്നലെ അന്തിമ രൂപം നല്‍കി. മെയ് മുപ്പത്തിയൊന്ന് വരെയാകും നാലാം ഘട്ട ലോക്ക് ഡൗണ്‍.
നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതുഗതാഗതം ഭാഗികമായി പു:നസ്ഥാപിക്കാനും ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കാനും തീരുമാനമുണ്ടായേക്കും. പ്രത്യേക വിമാനസര്‍വീസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. മെട്രോ ഭാഗികമായി തുറക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കേണ്ടതില്ലെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.
അതേസമയം രാജ്യത്തെ 30 നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള സ്ഥലങ്ങളില്‍ ആണ് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. കേന്ദ്രത്തിന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്ത് വരുമെന്നാണ് സൂചന.