അബുദാബിയില്‍ നിന്നും കരിപ്പൂരിലെത്തിയ 4 പേർക്ക് കോവിഡ് ലക്ഷണങ്ങള്‍
കോഴിക്കോട് : അബുദാബിയില്‍ നിന്നും കരിപ്പൂരിലെത്തിയ വിമാനത്തിലെ നാലു യാത്രക്കാര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഒരു കോഴിക്കോട് സ്വദേശിക്കും മൂന്ന് മലപ്പുറം സ്വദേശികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു. മറ്റ് രോഗലക്ഷണങ്ങളുമായി 5 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെയാണ് അബുദാബിയില്‍ കുടുങ്ങിയ മലയാളികളുമായി എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാല് പേരെ കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കൽ കോളേജിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റ് വിമാനയാത്രക്കാർക്കൊപ്പം വിമാനത്താവളത്തിൽ പ്രവേശിപ്പിക്കാതെ റൺവേയിൽ നിന്നു തന്നെ 108 ആംബുലൻസിൽ ഇവരെ കൊണ്ടു പോവുകയായിരുന്നു. വൃക്കരോഗ ചികിത്സ തേടുന്ന മലപ്പുറം സ്വദേശിയെയും മറ്റ് രോഗങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെയും മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു.
83 പേരെയാണ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മലപ്പുറം-31, ആലപ്പുഴ -1, കണ്ണൂർ 5 എന്നിങ്ങനെ പോകുന്നു മറ്റു ജില്ലകളിലെ കണക്കുകൾ. 88 പേർ സ്വന്തം വീടുകളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ്.