കോട്ടയം ജില്ലയിൽ ഇന്ന് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കോട്ടയം : ജില്ലയിൽ ഇന്ന് രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയിൽനിന്നു വന്ന അതിരമ്പുഴ സ്വദേശിയുടെയും(29)മഹാരാഷ്ട്രയിൽ നിന്നും വന്ന മുണ്ടക്കയം സ്വദേശിയുടെയും(23) പരിശോധനാ ഫലമാണ് പോസിറ്റീവായത്.
മേയ് ഏഴിന് അബുദാബി-കൊച്ചി വിമാനത്തിൽ നാട്ടിലെത്തിയ അതിരമ്പുഴ സ്വദേശി, കോട്ടയം കോതനല്ലൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. ഇതേ വിമാനത്തിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ യുവാവ് ഉൾപ്പെടെ കോട്ടയം ജില്ലയിൽ എത്തിയ സഹയാത്രികരായ എട്ടു പേരുടെയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇതിൽ മറ്റ് ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. രോഗം സ്ഥീരീകരിച്ചതിനെത്തുടർന്ന് യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.
മഹാരാഷ്ട്രയിൽനിന്ന് മെയ് 13ന് ബസിൽ കോഴിക്കോട്ട് എത്തിയ മടുക്ക സ്വദേശിയെ പിതാവും പിതൃസഹോദരനും അവിടെയെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
ഇപ്പോൾ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വിഭാഗത്തിലാണ്. പിതാവ്, പിതൃസഹോദരൻ, വീട്ടിലെത്തിയ ശേഷം യുവാവുമായി സമ്പർക്കം പുലർത്തിയ അമ്മ, സഹോദരൻ എന്നിവർ ഹോം ക്വാറന്റീനിലാണ്. യുവാവിനൊപ്പം മഹാരാഷ്ട്രയിൽനിന്ന് ബസിൽ സഞ്ചരിച്ച പാലക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ കോവിഡ്-19 ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം നാലായി. നേരത്തെ വിദേശത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ച ഉഴവൂർ സ്വേദേശിനിയും രണ്ടു വയസുള്ള മകനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.