രാജ്യത്ത് 24 മണിക്കൂറിനിടെ 5242 കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗബാധയില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 5242 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം 5000 ലേറെ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്.
24 മണിക്കൂറിനിടെ രാജ്യത്ത് 157 പേർ മരിക്കുകയും ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 96169 ആയി. 36823 പേര്‍ക്ക് രോഗം ഭേദമായി. 56316 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 3029 ആയി.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 33053 ഉം മരണം 1198 ഉം ആയിട്ടുണ്ട്. രണ്ടാമത് ഗുജറാത്തും മൂന്നാമത് തമിഴ്നാടുമാണ്. ഡൽഹിയാണ് രോഗബാധിതരുടെ എണ്ണത്തിൽ നാലാമതുള്ളത്.
അതേസമയം, ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,16,516 ആയി. 18 ലക്ഷത്തിലധികം പേര് രോഗവിമുക്തരായി. 26.26 ലക്ഷത്തോളം പേര് നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,817 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.81 ലക്ഷം പേര് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.
ഇന്നലെ മാത്രം ലോകമാകമാനം 3,618 പേരാണ് മരിച്ചത്. 82,257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍ 865 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്.
യു.എസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യു.എസ്സില്‍ 15.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 90,000 കടന്നു. ഇന്നലെ മാത്രം യു.എസ്സില്‍ രോഗം സ്ഥിരീകരിച്ചത് 19,891 പേര്‍ക്കാണ്.