News

ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ നാലാം ഘട്ടത്തില്‍ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലഗതാഗതം ഉള്‍പ്പെട പുനരാരംഭിക്കും. അന്‍പത് ശതമാനം യാത്രക്കാരുമായി ജില്ലയ്ക്കുള്ളിൽ മാത്രമാണ് പൊതുഗതാഗതം അനുവദനീയമാകുക. നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല.

രാവിലെ ഏഴുമുതല്‍ രാത്രി 7 വരെയാണ് അന്തര്‍ ജില്ലാ യാത്രാനുമതി. ഇതിനായി പ്രത്യേക പാസ് വാങ്ങേണ്ട കാര്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതരണം. എന്നാല്‍ സമീപമല്ലാത്ത ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ പാസ് വേണം.

സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ 2 പേര്‍ക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കില്‍ 3 പേര്‍ക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കാം. ഓട്ടോയില്‍ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് ഈ ഘട്ടത്തില്‍ അനുമതിയുള്ളത്. കുടുംബമെങ്കില്‍ ഓട്ടോയില്‍ 3 പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്രവാഹനത്തില്‍ കുടുംബാഗത്തിന് പിന്‍സീറ്റ് യാത്ര അനുവദിച്ചു.

ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളില്‍ ഒഴികെ ആളുകള്‍ക്ക് സഞ്ചരിക്കാം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ക്കും സമയം നിയന്ത്രമണം ബാധകമല്ല. ഇലക്‌ട്രീഷന്‍മാരും മറ്റു ടെക്നീഷ്യന്‍മാരും ട്രേഡ് ലൈസന്‍സ് കോപ്പി കൈയില്‍ കരുതണം. ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ സ്ഥിരം യാത്രാ പാസ് പൊലീസ് മേധാവിയില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ കൈപ്പറ്റണം. എന്നാല്‍ ഹോട്ട് സ്പോട്ടുകളിലെ പ്രവേശനത്തിന് കര്‍ശനനിയന്ത്രണം ബാധകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button