ലോക്ക്ഡൌൺ 4: സംസ്ഥാനത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇന്നിറങ്ങും
തിരുവനന്തപുരം : നാലാം ഘട്ട ലോക്ക് ഡൗണിനെ സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇന്നിറങ്ങും. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾക്കുള്ളിൽ നിന്ന് മാത്രമേ ഇളവുകളിൽ സംസ്ഥാന സർക്കാറിന് തീരുമാനമെടുക്കാനാകൂ. കേന്ദ്ര നിർദ്ദേശങ്ങളിൽ സംസ്ഥാനങ്ങൾ വെള്ളം ചേർക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. എന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്താൻ സംസ്ഥാന സർക്കാറിനാകും.
പൊതുഗതാഗതം നിയന്ത്രണങ്ങളോടെ തുടങ്ങിയേക്കും. ജില്ലയ്ക്കുള്ളിൽ മാത്രം സർവീസ് നടത്തുന്ന രീതിയിലായിരിയ്ക്കും ബസ് സർവീസുകൾ തുടങ്ങുക.ഇതിനൊപ്പം ഓട്ടോ സർവീസും നിയന്ത്രണങ്ങളോടെ അനുവദിച്ചേക്കും. അന്തർസംസ്ഥാന ബസ് ഗതാഗതത്തിന് കേന്ദ്ര അനുമതിയുണ്ടങ്കിലും കേരളം ഉടൻ തുടങ്ങാൻ സാധ്യതയില്ല.
മെയ് 31- വരെ സ്കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാല്‍ മെയ് 26-ന് തുടങ്ങാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റാനാണ് സാധ്യത.
ഹോട്ടലുകൾക്കും ബാറുകൾക്കും പ്രവർത്തിക്കാനാവില്ലെന്ന നിർദേശം കേന്ദ്രം നൽകിയതിനാൽ, ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുമ്പോൾ തിരക്കൊഴിവാക്കാൻ ബാറുകളിലൂടെയും വിൽപ്പന നടത്താനുള്ള സംസ്ഥാന സർക്കാർ നടപടിയിലും മാറ്റം വരുത്തേണ്ടിവരും. ശാരീരിക അകലം പാലിച്ച് ഹോട്ടലുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് സർക്കാർ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ രാത്രി 9 മണിക്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ സംസ്ഥാനചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിന്‍റെ മാര്‍ഗരേഖ വിശദീകരിക്കാനായിരുന്നു യോഗം. ഈ യോഗത്തില്‍ കേരളത്തിന്‍റെ ചീഫ് സെക്രട്ടറി ടോം ജോസ് കേരളത്തിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചിരുന്നു. കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗരേഖ സംസ്ഥാനം പുറത്തിറക്കുക. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളും ബഫര്‍ സോണുകളും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.