സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അഞ്ച് പേർ കണ്ണൂർ ജില്ലയിലും, മൂന്നു പേർ മലപ്പുറത്തും, പത്തനതിട്ട, ആലപ്പുഴ തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് ഇന്ന് വൈറസ് ബാധിതരായത്. ആരുടെയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം ബാധിച്ചവരിൽ 4 പേർ വിദേശത്തുനിന്നു വന്നവരാണ്. 8 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരാണ്. അതിൽ 6 പേർ മഹാരാഷ്ട്രയിൽനിന്നാണ് വന്നത്. ഒരാൾ ഗുജറാത്തിൽ നിന്നും ഒരാൾ തമിഴ്‌നാട്ടിൽ നിന്നുമാണ് എത്തിയത്.
സംസ്ഥാനത്ത് ഇതുവരെ 642 പേർക്ക് രോഗം സ്ഥിരീകരിച്ചു. 142 പേർ നിലവിൽ ചികിത്സയിലാണ്. ആകെ 72,000 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 71,545 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിൽ 455 പേരും നിരീക്ഷണത്തിലുണ്ട്.
ഇന്ന് മാത്രം 119 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 46,958 സാമ്പിൾ പരിശോധിച്ചു. ഇതിൽ 45,527 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ന് മാത്രം 1,297 സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രായാധിക്യമുള്ളവർ, ക്വാറന്റൈനിലുള്ളവർ തുടങ്ങിയ രോഗസാധ്യതയുള്ള മുൻഗണനാ വിഭാഗങ്ങളിൽപ്പെട്ടവരെ ആരോഗ്യപ്രവർത്തകർ ടെസ്റ്റ് ചെയ്യുന്നത് രോഗബാധ എത്രത്തോളം സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് മനസ്സിലാക്കാനാണ്. ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 5,630 സാമ്പിളുകളാണ് ശേഖരിച്ചത്. 5340 നെഗറ്റീവായി. ഇത്തരം പരിശോധനയിൽ നാലുപേർക്കാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിനർഥം കോവിഡ് രോഗത്തിന്റെ സാമൂഹിക വ്യാപനം കേരളത്തിൽ നടന്നിട്ടില്ലെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
33 ഹോട്ട് സ്പോട്ടുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. കണ്ണൂരിലെ പാനൂർ മുനിസിപ്പാലിറ്റി,ചൊക്ലി, മയ്യിൽ പഞ്ചായത്തുകൾ, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
കണ്ടെയ്ൻമെന്റ് സോണുകളുടെ നിയന്ത്രണം കൂടുതൽ കർക്കശമാക്കുമെന്നും ബ്രേക്ക് ദ ചെയിൻ, ക്വാറന്റീൻ, റിവേഴ്സ് ക്വാറന്റീൻ എന്നിവയെല്ലാം കൂടുതൽ ശക്തമായി തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.