ഇന്ത്യയിൽ കോവിഡ് രോഗികൾ ഒരു ലക്ഷം പിന്നിട്ടു
ഡൽഹി : ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ച് നൂറ്റി ഒന്‍പത് ദിവസം കഴിയുമ്പോൾ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. രാജ്യത്തെ ആകെ കൊവിഡ് ബാധിധർ 1,01,139 ആയി. ലോക്ക്ഡൗണിന്റെ നാലാംഘട്ടം തുടങ്ങി രണ്ടാം ദിനമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. നാലാംഘട്ട ലോക്ക്ഡൗണ്‍ തുടങ്ങി രണ്ടാം ദിനം 10000 ൽ അധികം കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്തുണ്ടായത്.
24 മണിക്കൂറില്‍ 4970 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. ഇന്നലെ 5242 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. സമീപ ദിവസങ്ങളിലെ രോഗികളുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവ് സര്‍ക്കാരിനേയും ആരോഗ്യ പ്രവര്‍ത്തകരേയും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്.
58,802 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത് മരണം 3,163 ആയി. ഇന്നലെ മാത്രം 134 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. 39,173 പേർ രാജ്യത്ത് രോഗമുക്തി നേടി.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,033 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ മരണം 1,249 ആയി ഉയര്‍ന്നു. രോഗികള്‍ 35,058. മുംബൈയാണ് മഹാരാഷ്ട്രയിലെ കൊവിഡ് ഹോട്ട് സ്പോട്ട്. 21,152 പേര്‍ക്കാണ് മുംബൈയില്‍ മാത്രം കൊവിഡ് കണ്ടെത്തിയത്. 757 പേര്‍ക്ക് ഇവിടെ ജീവന് നഷ്ടമായി.
ഗുജറാത്തില്‍ 11,746 പേര്‍ക്കും തമിഴ്നാട്ടില്‍ 11,760 പേര്‍ക്കും രാജസ്ഥാനില്‍ 5,507 പേര്‍ക്കും മധ്യപ്രദേശില്‍ 4,977 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ 29 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, ആഗോള തലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48.90ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,20125 ആയി. രോഗവിമുക്തരായവരുടെ എണ്ണം 19 ലക്ഷം കടന്നു. 26.63 ലക്ഷത്തോളം പേര് ഇപ്പോഴും ചിക്തിസയിലാണ്. ഇതില്‍ 44,766 പേരുടെ നില അതീവ ഗുരുതരമാണ്. 26.18 ലക്ഷം പേര് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. തിങ്കളാഴ്ച മാത്രം ലോകമാകമാനം 3445 പേരാണ് മരിച്ചത്. 88,858 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
യുഎസില്‍ 1003 പേരാണ് ഇന്നലെ മരിച്ചത്. 22,000 ത്തിലധികം പുതിയ രോഗികളുമായി യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യുഎസ്സില്‍ 15.50 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ- 91,981. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.91 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്.