ഉംപൂണ്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ബംഗാള്‍ തീരം തൊടും
കൊല്‍ക്കൊത്ത : ഉംപൂണ്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ എത്തുമെന്ന് റിപ്പോർട്ടുകൾ. വൈകുന്നേരം 4 മണിയ്ക്ക് ശേഷം ശക്തമായ മഴയോടെയായിരിക്കും കാറ്റ് എത്തുക. 155-165 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് ബംഗാള്‍, ബംഗ്ലാദേശ് തീരങ്ങളില്‍ എത്തുക. സുന്ദര്‍ബന്‍സില്‍ ഉച്ചയ്ക്കു ശേഷം എത്തുന്ന ഉംപൂണ്‍ വൈകിട്ടോടെ 185 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്നാണ് സൂചന. മുന്‍പ് മേഖല കണ്ട എയ്‌ല, ബുള്‍ബുള്‍ എന്നീ ചുഴലിക്കാറ്റിനേക്കാള്‍ തീവ്രത കൂടിയതാണ് ഉംപൂണ്‍.
നിലവില്‍ ഒഡീഷയില്‍ പാരാദ്വീപിന് 120 കിലോമീറ്റര്‍ കിഴക്ക്-തെക്കു കിഴക്ക് ആയി കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. തീരത്ത് കനത്ത മഴ ലഭിക്കുന്നുണ്ട്. അടുത്ത ആറു മുതല്‍ എട്ടു മണിക്കൂര്‍ നിര്‍ണായകമാണെന്ന് ചീഫ് സെക്രട്ടറി പറയുന്നു.
ഇരു സംസ്ഥാനങ്ങളും തീരദേശ മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഒഡീഷയില്‍ ഇതിനകം 1.37 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റ് കടന്നുപോകുന്ന മേഖലയില്‍ മരങ്ങളും വൈദ്യുതി ടെലിഫോണ്‍ പോസ്റ്റുകള്‍ നിലംപതിക്കുകമെന്നും വീടുകളുടെയും മറ്റും മുകളില്‍ പതിച്ച് വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് സൂചന. ചുഴലിക്കാറ്റ് കടന്ന്പോകുന്ന മേഖലയിലൂടെയുള്ള ശ്രമിക് തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
ബംഗാളില്‍ മിഡ്‌നാപ്പൂര്‍, സൗത്ത്, നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കൊത്ത തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കനത്ത നാശംവിതയ്ക്കുക. ഒഡീഷ്യയില്‍ ജഗദീഷ്പൂര്‍, കേന്ദ്രപാറ, ഭദര്‍ക, ബാലസോര്‍, ജയ്പൂര്‍, മയൂര്‍ഭഞ്ച് എന്നിവിടങ്ങളിലായിരിക്കും ഏറ്റവും നാശംവിതയ്ക്കുക. 1999ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റിനു ശേഷം വരുന്ന ഏറ്റവും മാരകമായ കാറ്റാണ് ഉംപൂണ്‍.