പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാൻ അവസരം
അബുദാബി : യുഎഇ യിൽ താമസ വിസയുള്ള പ്രവാസികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങാമെന്ന് യുഎഇ അറിയിച്ചു. മടങ്ങാനാഗ്രഹിക്കുന്നവര്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ (ഐ.സി.എ) വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. വെബ്സൈറ്റ് വഴിയുള്ള അപേക്ഷ അധികൃതര്‍ സ്വീകരിച്ച് യാത്രാ അനുമതി ലഭിച്ച ശേഷമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ.
https://beta.smartservices.ica.gov.ae/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ നല്‍കാനായി കളര്‍ ഫോട്ടോ, വിസയുടെ പകര്‍പ്പ്, പാസ്‍പോര്‍ട്ടിന്റെ പകര്‍പ്പ്, രാജ്യത്ത് നിന്ന് പുറത്ത് പോയത് തെളിയിക്കുന്നതിനാവശ്യമായ രേഖ എന്നിവയാണ് ആവശ്യം. ജോലി സ്ഥലത്തുനിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന കത്തോ ടൂറിസം ആവശ്യങ്ങള്‍ക്കായി പോയവര്‍ക്ക് വിമാന ടിക്കറ്റിന്റെ പകര്‍പ്പോ രാജ്യത്തു നിന്ന് പുറത്ത് പോയതിനുള്ള രേഖയായി നല്‍കാം.
കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഉളവര്‍ക്കാണ് മടങ്ങി വരവിന് ആദ്യ പരിഗണന ലഭിക്കുക. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തൂങ്ങിയ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ പരിഗണന ലഭിക്കും. പ്രത്യേക വിമാനത്തിലായിരിക്കും പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരം എന്നാണ് സൂചന. മടങ്ങിയെത്തുന്നവര്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അത്രയും ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും.