News
ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ വ്യാപക നാശം
കൊൽക്കത്ത : ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ വ്യാപക നാശം.
5000 ത്തിൽ അധികം വീടുകൾ തകർന്നു. കൊൽക്കത്തയിലും സമീപ ജില്ലകളിലും മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർവരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശി. തലസ്ഥാനമായ കൊൽക്കത്തയിലും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. റോഡുകളിൽ വെള്ളം കയറി.
രണ്ടുപേരാണ് സംസ്ഥാനത്ത് മരിച്ചത്. ഹൗറ, നോർത്ത് 24 പർഗാനാസ് ജില്ലകളിൽ മരം കടപുഴകി വീണാണ് രണ്ട് സ്ത്രീകൾ മരിച്ചത്. ഒരാൾകൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ 5500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ശക്തമായ കാറ്റും മഴയും നാല് മണിക്കൂർകൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പശ്ചിമ ബംഗാളിലെ അഞ്ചുലക്ഷം പേരെയും ഒഡീഷയിലെ ഒരുലക്ഷം പേരെയും സൈക്ലോൺ ഷെൽറ്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഉം-പുൻ തീരം തൊടുന്നതിന് മുന്നോടിയായി ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച തന്നെ ശക്തമായ മഴ തുടങ്ങിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളെയാണ് രണ്ട് സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുള്ളത്.