Top Stories
കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും
ന്യൂഡൽഹി : ഡൽഹിയിലും സമീപസംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളി വിദ്യാർഥികളടക്കമുള്ള യാത്രക്കാരുമായി കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും. 1304 യാത്രക്കാരാണ് ട്രെയിനിലുള്ളത്. എല്ലാവരും നോർക്കയിൽ രജിസ്റ്റർ ചെയ്തവരാണ്. വൈകീട്ട് ആറിന് ന്യൂഡൽഹി സ്റ്റേഷനിൽ നിന്നാണ് വണ്ടി പുറപ്പെടുന്നത്.
കോവിഡ് രോഗമില്ലാത്തവർക്കു മാത്രമാകും യാത്രാനുമതി. ഡൽഹിക്കു പുറമേ ജമ്മുകശ്മീർ, ഉത്തർപ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ വണ്ടിയിലുണ്ടാകും. ഇവരുടെ ആരോഗ്യ പരിശോധന രാവിലെ പത്തുമുതൽ നടക്കും.
രണ്ടു ദിവസത്തെ ഭക്ഷണം, വെള്ളം, മാസ്ക്, സാനിറ്റൈസർ എന്നിവ കൈയിൽ കരുതണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നോർക്കയിൽ നിന്ന് സന്ദേശം ലഭിക്കാത്തവർക്ക് യാത്ര ചെയ്യാനാവില്ല. ഓൺലൈനായി പണം അടയ്ക്കാൻ കഴിയാത്തവർക്ക് പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് പണം നൽകാൻ അവസരമുണ്ട്. 975 രൂപയാണ് ടിക്കറ്റു നിരക്ക്. നോൺ എസി യാണ് തീവണ്ടി.