റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 9 മുതല്‍ ഒന്നു വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് പുതിയ സമയം. പുതുക്കിയ സമയക്രമം ഇന്നു നിലവില്‍ വരും. 9 മുതല്‍ 5 മണി വരെയായിരുന്നു നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്. ലോക്ക്ഡൌൺ ഇളവുകൾ നൽകിയ പശ്ചാത്തലത്തിലാണ് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചത്.
റേഷന്‍ കടകള്‍ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടി. ’24 മണിക്കൂറിനുള്ളില്‍ കാര്‍ഡ്’ എന്ന പദ്ധതിയില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്കും കിറ്റ് കിട്ടും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷനും വിതരണം തുടങ്ങി. ഓരോ അംഗത്തിനും 5 കിലോ അരിയും ഒരു കാര്‍ഡിന് ഒരു കിലോ കടല അല്ലെങ്കില്‍ ചെറുപയറുമാണ് ലഭിക്കുക.
അതേസമയം, റേഷന്‍ കാര്‍ഡില്ല എന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ട അര്‍ഹത ഉള്ളവരെ ഉള്‍പ്പെടുത്തി ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ മാര്‍ച്ച് 31 വരെ പുതുതായി റേഷന്‍ കാര്‍ഡ് ലഭിച്ച അര്‍ഹതയുള്ളവരെ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മിഷന്‍ യോഗത്തിലാണ് തീരുമാനം. 2017 ലെ സര്‍വേയില്‍ ഒഴിവായ അര്‍ഹരെ കണ്ടെത്താനുള്ള മാര്‍ഗരേഖയ്ക്ക് യോഗത്തില്‍ അംഗീകാരം നല്‍കി. ഭവന നിര്‍മാണത്തിന് 500 കോടി രൂപ വായ്പ എടുക്കും.