News

തിരുവനന്തപുരത്ത് കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

തിരുവനന്തപുരം : കനത്ത മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വൃഷ്ടി പ്രദേശത്തെ് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

രാത്രി മുതല്‍ തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ചിറ്റാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. തേക്കുംമൂടും നെടുമങ്ങാടും വീടുകളില്‍ വെളളംകയറി. ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്.

നഗരത്തിലും റൂറല്‍ മേഖലകളിലും മരങ്ങള്‍ കടപുഴകി വീണും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തമ്ബാനൂര്‍,​ പട്ടം,​ ഉള്ളൂര്‍ എന്നിവിടങ്ങളിലും ആറ്റിങ്ങല്‍, കോരാണി, തോന്നയ്ക്കല്‍ ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ക്കും ചില കെട്ടിടങ്ങള്‍ക്കും തകരാറുകളുണ്ടായി.ന​ഗരത്തിലെ അജന്ത തീയറ്റര്‍ റോഡ് വെള്ളത്തിനടിയിലായി. കോട്ടൂര്‍, ആര്യനാട്, കുറ്റിച്ചല്‍ പ്രദേശങ്ങളില്‍ തോടുകളും ആറുകളും നിറഞ്ഞുകവിഞ്ഞു. നിരവധി വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.  ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ വ്യാപക കൃഷിനാശമുണ്ടായി.

കാരാപ്പുഴ ഡാമിലെ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതം നാളെ രാവിലെ 11 മണി മുതല്‍ തുറന്ന് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളം ഒഴുകി പോകുന്ന പുഴയ്ക്ക് സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് തുടരുമെന്നാണ് മുന്നറിയിപ്പ്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button