ഇന്ത്യയിൽ കോവിഡ് ബാധിതർ ഒന്നേകാൽ ലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്ത് രണ്ടാം ദിവസവും 24 മണിക്കൂറിനുള്ളിൽ 6000 ത്തിൽ അധികം കോവിഡ് കേസുകൾ. 6654 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിതീകരിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ രോഗംബാധിച്ചവരുടെ എണ്ണം 1,25,101 ആയി. അതിൽ 51784 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 137 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3720 ആയി.
രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രതന്നെയാണ് മുന്നിൽ. 44582 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1517 പേർ മരിക്കുകയുമുണ്ടായി. രോഗികളുടെ എണ്ണത്തിൽ രണ്ടാമത് തമിഴ്നാടാണ്.മരണ നിരക്കിൽ രണ്ടാമത് ഗുജറാത്തും. 14753 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 98 പേരാണ് മരിച്ചത്. 13268 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 802 പേർ മരിച്ചിട്ടുണ്ട്.
ഡൽഹിയിൽ രോഗികളുടെ എണ്ണം 12319 ആണ്. മരണസംഖ്യ 208 ഉം. കേരളത്തിൽ 732 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 512 പേർ രോഗ മുക്തി നേടി. 216 പേരാണ് ഇനി ചികിത്സയിലുള്ളത്. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 42 പേർക്ക് രോഗംസ്ഥിരീകരിച്ചിരുന്നു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
അതിനിടെ, ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ദില്ലിയിലെ ദേശീയ ഹരിത ട്രിബ്യൂണല്‍ ഓഫീസ് അടച്ചു. മെയ് 19നാണ് ഈ ഉദ്യോഗസ്ഥന് അവസാനമായി ഓഫീസിലെത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങളോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുന്‍കരുതലെന്ന നിലയില്‍ എല്ലാ ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ദില്ലി എംയിസിനു സമീപമുള്ള ഷെല്‍ട്ടര്‍ ഹോമില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.