വിദേശത്തുനിന്ന് എത്തുന്നവരുടെ സ്രവം ഇനിമുതൽ വീടുകളിലെത്തി ശേഖരിക്കും
തിരുവനന്തപുരം : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുടെ സ്രവം ഇനി ആരോഗ്യവകുപ്പ് വീടുകളിലെത്തി ശേഖരിക്കും. കൂടുതൽ സമ്പർക്കം ഒഴിവാക്കാനാണ് വീടുകളിൽ എത്തി സ്രവം ശേഖരിക്കുന്നത്. ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവരുടെ പേര്, മേൽവിലാസം, ഫോൺനമ്പർ, എവിടെ നിന്ന് എത്തി, വീട്ടിലേക്കുള്ള യാത്രാസൗകര്യം തുടങ്ങിയ വിവരങ്ങൾ ആശാവർക്കർമാർ ശേഖരിക്കും. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രൈമറി ഹെൽത്ത് സെന്റററിലെ ഡോക്ടർ, നഴ്സ് എന്നിവരുടെ സംഘം പ്രത്യേക ആംബുലൻസിലെത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്രവം ശേഖരിക്കും.
ശേഖരിക്കുന്ന അന്നുതന്നെ സ്രവങ്ങൾ ലാബിലേക്ക് അയക്കും. പരിശോധനാഫലം ആദ്യം ജില്ലാ മെഡിക്കൽ ഓഫീസിലേക്കും തുടർന്ന് അതത് പ്രൈമറി ഹെൽത്ത് സെന്ററിലേക്കും എത്തും. ഒന്നുമുതൽ അഞ്ച് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം അറിയാൻ കഴിയും.