പാലക്കാട് ജില്ലയിൽ 31 വരെ നിരോധനാജ്ഞ
പാലക്കാട് : കൊവിഡ് രോഗികളുടെ ക്രമാതീതമായ വര്‍ധനവ് കാരണം പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ഈ മാസം 31 വരെയാണ് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലുടനീളം നിരോധനാജ്ഞ ബാധകമാകും. ഇതോടെ ആളുകൾ ഒത്തുകൂടുന്നതിനും പൊതുസ്ഥലങ്ങളിൽ അനാവശ്യമായി ഇറങ്ങിനടക്കുന്നതിനും നിയന്ത്രണമുണ്ടാകും.
മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും 11വയസ്സുള്ള കുട്ടിയുമടക്കം 19 പേര്‍ക്കാണ് ഇന്ന് പാലക്കാട് ജില്ലയില്‍ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പുരുഷന്മാരും 7 വനിതകളുമാണ് ഉള്ളത്. നിലവില്‍ 44 പേര് ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും മുംബൈയിൽ നിന്നു വന്ന രണ്ടുപേർക്കും ചെന്നൈയിൽ നിന്ന് വന്ന എട്ടു പേർക്കും വാളയാർ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്കും രോഗബാധിതന്റേ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പാലക്കാട് ജില്ലയിൽ നാഗലശേരി, തൃക്കടീരി, ശ്രീകൃഷ്ണപുരം, കടമ്പഴിപുറം, മുതുതല, കാരാകുറുശ്ശി, കോട്ടായി, മുതലമട എന്നിവയാണ് ഹോട്ട്സ്പോട്ടുകൾ.