ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു
കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 53 ലക്ഷം പിന്നിട്ടു. മരണസംഖ്യ 3,39,000 പിന്നിട്ടു. ലോകത്ത് 21.58 ലക്ഷം ആളുകള്‍ രോഗമുക്തി നേടിയപ്പോള്‍ നിലവില്‍ രോഗികളായി കഴിയുന്ന 28.02 ലക്ഷം ആളുകളില്‍ 44583 പേര്‍ ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ലോകത്ത് 5245 പേരാണ് മരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അമേരിക്ക തന്നെയാണ് രോഗബാധികരുടെ എണ്ണത്തിലും മരണനിരക്കിലും ഏറെ മുന്നില്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1260 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ രോഗികളുടെ എണ്ണം 16.45 ലക്ഷമാണ്. 97,500ല്‍ ഏറെ പേര്‍ മരിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസിന്‍റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
രോഗബാധിതരുടെ എന്നതില്‍ ബ്രസീല്‍ ആണ് രണ്ടാമത്. 3.32 ലക്ഷം. ആകെ മരണം 21,048 ആയി. ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് രണ്ടരലക്ഷത്തിലധികം പേരാണ്. മരണം 40,000 ത്തോട് അടുക്കുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അടുത്തമാസം എട്ട് മുതല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കി.
റഷ്യയില്‍ 3.26 ലക്ഷം പേരിലേക്ക് വൈറസ് പടര്‍ന്നു. 3,249 പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 2.81 ലക്ഷം രോഗികളുണ്ട്. 28,628 പേര്‍ മരിച്ചു. ബ്രിട്ടണില്‍ 2.54 ലക്ഷമായി രോഗികളുടെ എണ്ണം 36,393 പേര്‍ മരിച്ചു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യു.കെയിലാണ്.
ഇറ്റലിയാണ് മരണനിരക്കില്‍ മൂന്നാമത്. 32,616 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി. 2.28 ലക്ഷമാണ് രോഗബാധിതര്‍. ഫ്രാന്‍സില്‍ 1.82 ലക്ഷം രോഗികളും 28,289 മരണങ്ങളും സംഭവിച്ചു.
അതേസമയം, ഇന്ത്യയില്‍ രോഗികളുടെ എണ്ണം 1,18,447 ആയി. ഇന്നലെ 6088 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രാജ്യത്ത് 148 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ വൈറസ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 3583ല്‍ എത്തി. 3234 പേരാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് രോഗമുക്തി നേടിയത്. ആകെ 48,534 പേർ രാജ്യത്ത് കോവിഡ് മുക്തി നേടി. രോഗബാധിതരുടെ പട്ടികയില്‍ പതിനൊന്നാമതാണ് ഇന്ത്യ.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയതോടെ ലോകത്ത് 80 ദശലക്ഷം ശിശുക്കള്‍ക്ക് വാക്സിനേഷനിലൂടെ തടയാന്‍ കഴിയുന്ന പോളിയോ, ഡിഫ്ത്തീരിയ,മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.