ജ്യോതിഷം; സത്യവും സങ്കൽപ്പവും
ഏതൊരു വിഷയത്തെയും അറിയുവാൻ ശ്രമിക്കുമ്പോൾ അതിന്റെ വ്യാപ്തി, ലക്‌ഷ്യം, താത്പര്യം, സന്ദർഭം, പരിമിതി മുതലായവ നല്ലവണ്ണം മനസ്സിലാക്കിയ ശേഷം മാത്രം ആ വിഷയത്തെ സമീപിക്കണം. അല്ലെങ്കിൽ അത്യാപത്ത്സംഭവിക്കും. ഉടനെ അല്ലെങ്കിൽ കാലക്രമേണ. ഏതൊരു വിഷയത്തെയും അതിന്റെതായ രീതിയിൽ തന്നെ കാണണം.
നമ്മളിൽ ചിലർ (പ്രത്യേകിച്ച് പുതിയ തലമുറ ആവാം) ജ്യോതിഷത്തെ ഒരു കപട ശാസ്ത്രമായി കാണുന്നു. ഒരു കാരണം – തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വിവരങ്ങൾ, വിശാലമായ ദുരുപയോഗം, തെറ്റിദ്ധാരണ, തെറ്റായ പ്രതീക്ഷകളോടൊപ്പം പക്വതയില്ലാത്ത പരിഹാര നടപടികൾ (ശ്രദ്ധയും ഭക്തിയും ഇല്ലാതെ വെറുതെ പരീക്ഷിച്ചു നോക്കൽ), പണത്തിനായുള്ള ആസക്തി മുതലായവ. മറ്റൊരു കാരണം – ചിലർ ജ്യോതിഷത്തെ അവരുടെ സ്വന്തം അനുഭവങ്ങളുടെയോ വിവിധ മേഖലകളിലെ അറിവിന്റെയോ, മാത്രമല്ല കുടുംബം, സോഷ്യൽ മീഡിയ, അയൽവാസികൾ, സുഹൃത്തുക്കൾ, മാസികകൾ, പത്രം മുതലായ വിവിധ സ്രോതസ്സുകളിലൂടെ നേടിയ വിവരങ്ങളിലൂടെയും വിലയിരുത്തുന്നു.
മറ്റുചിലർ ലക്ഷ്യത്തിലേക്ക് നയിക്കുന്ന റോഡിന് എതിർവശത്തുള്ള റോഡിലൂടെയാണ് കൂടുതലും സഞ്ചരിക്കുന്നത്, അതിനുശേഷംഗ്രഹങ്ങളെ കുറ്റപ്പെടുത്തുന്നു. ഉദാഹരണത്തിന്, മദ്യം / മയക്കുമരുന്ന് ഉപേക്ഷിക്കില്ല, എന്നിട്ടും നല്ല ശാരീരിക ആരോഗ്യം പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ ഒരു ദിനചര്യ നമുക്കില്ല, എന്നാൽ എല്ലായ്പ്പോഴും ശക്തവും ആരോഗ്യകരവുമായ മാനസികാവസ്ഥ പ്രതീക്ഷിക്കുന്നു. ജ്യോതിഷ ശാസ്ത്രം, തന്ത്ര ശാസ്ത്രം, മന്ത്ര ശാസ്ത്രം, വൈദിക ക്രിയകൾ, താന്ത്രിക ക്രിയകൾ, രത്‌നശാസ്ത്രം, വാസ്തു, യന്ത്രം / മന്ത്ര രോഗശാന്തി, കൈനോട്ടം, എന്നിങ്ങനെ എല്ലാ തലങ്ങളും മാസ്റ്റേഴ്സ് ചെയ്ത ഒരു മൾട്ടി ഡൈനാമിക് വ്യക്തിയാണ് ജ്യോതിഷിയെന്ന് ചിലർ കരുതുന്നു. ചിലർ തങ്ങളുടെ ബിസിനസ്സിൽ കഠിനാധ്വാനം നടത്തിയിട്ടും ഫലങ്ങൾ കാണാത്തപ്പോൾ അവരുടെ ഭാഗ്യം പരീക്ഷിക്കാൻ ജ്യോതിഷിയെ സമീപിക്കുന്നു. ദോഷങ്ങൾക്ക് പരിഹാര നടപടികളിലൂടെ വേഗത്തിൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നു.
ആരോഗ്യകരമായ ദിനചര്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രാർത്ഥനകൾ, ധ്യാനം, യോഗ, ആത്മീയ പ്രവർത്തനങ്ങൾ എന്നിവയിൽ നമ്മുടെ സമയവും ഊർജവും നിക്ഷേപിക്കാൻ നാം തയ്യാറല്ല. പക്ഷെ ഭൗതിക നേട്ടങ്ങൾ നേടാൻ മുഴുവൻ സമയവും ചെലവഴിക്കുന്നു.
ജാതകത്തിന്റെ അടിസ്ഥാനം കർമ്മം മാത്രമാണ്. ഗ്രഹങ്ങൾ ഫലങ്ങൾ തരുന്നില്ല. കർമ്മം ചെയ്യുന്നത് നാമാണ്. കർമ്മ ഫലങ്ങളെ സൂചിപ്പിച്ചു തരുന്നതാണ് ഗ്രഹങ്ങൾ. കാലത്തെ (സമയത്തെ) നിർണയിക്കുന്നത് ക്ലോക്ക് അല്ലല്ലോ. ക്ലോക്ക് ഇല്ലെങ്കിലും കാലം (സമയം) നടന്നുകൊണ്ടേയിരിക്കും. നമ്മടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ വേണ്ടി കാലത്തെ (സമയത്തെ) വിഭജിച്ചു മനസ്സിലാക്കുവാൻ വർഷങ്ങൾ, മാസങ്ങൾ, വാരങ്ങൾ, മണിക്കൂറുകൾ, മിനിറ്റുകൾമുതലായവ വേണം. അതിനെ സഹായിക്കുവാൻ കലണ്ടറും ക്ലോക്കും വേണം. അതുപോലെ നമ്മുടെ കർമ്മഫലങ്ങളെ കുറിച്ചറിയുവാൻ ജാതകം നോക്കണം. അതിൽ ഗ്രഹങ്ങൾ നമ്മളാൽ ചെയ്യപ്പെട്ട കർമ്മത്തിന്റെ ഫലങ്ങളെ സൂചിപ്പിച്ചു തരുന്നു. അല്ലാതെ ഒരു ഗ്രഹവും ഫലങ്ങൾ തരുന്നില്ല എന്നതാണ് ജാതകത്തിന്റെ അടിസ്ഥാനം.
നമ്മുടെ ഫലങ്ങളുടെ ആത്യന്തിക നിർണ്ണായകഘടകമാണ് കർമ്മം. കർമ്മം ഒരാളുടെ സ്വതന്ത്ര ഇച്ഛാശക്തിയാണ്. ജാതകത്തിൽ ഗ്രഹങ്ങൾ സൂചിപ്പിച്ചു തരുന്ന നിങ്ങളുടെ തന്നെ കർമ്മഫലങ്ങളെ നല്ല യോഗ്യതയുള്ള ജ്ഞാനമുള്ള ഒരു ജ്യോതിഷിക്കു സാധിക്കും. ജാതകത്തിലൂടെ ഗ്രഹങ്ങൾ സൂചിപ്പിച്ച പുണ്യവും പാപവുമായ കർമ്മഫലങ്ങളെ അനുഭവിക്കാൻ നാം ബാധ്യസ്ഥരാണ്. ശുഭഫലങ്ങൾ അനുഭവിക്കുമ്പോൾ ആരും ജ്യോതിഷിയെ ഓർക്കുക പോലുമില്ലല്ലോ. അശുഭഫലങ്ങൾ അനുഭവിക്കുമ്പോൾ മാത്രം ദൈവജ്ഞനെ കാണാൻ നമ്മൾ ഓടാറുണ്ട്.
ഈ ജന്മത്തിൽ ആസ്വദിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന നല്തും ചീത്തയുമായ കർമ്മ ഫലങ്ങളെക്കുറിച്ച് ജ്യോതിഷത്തിലൂടെ മാത്രമേ നമുക്കറിയുവാൻ സാധിക്കുകയുള്ളൂ. ചില പാപകർമ്മഫലങ്ങൾക്കു പരിഹാരമില്ല; ഈ ഘട്ടത്തിലൂടെ കടന്നുപോകാൻ നമ്മൾ ബാധ്യസ്ഥരാണ്.മുൻജന്മങ്ങളിലെ തീവ്രമായ പാപകർമ്മങ്ങൾ ആണ് കാരണം. എന്നിരിക്കിലും ഒരുമാതിരിപ്പെട്ട ദോഷങ്ങൾക്കെല്ലാം ശാസ്ത്രങ്ങൾ പലരീതിയിലുള്ള പരിഹാരങ്ങൾ നിർദേശിക്കുന്നുണ്ട്. അത് നല്ല വിചാരത്തോടുകൂടിയും വളരെ ഭക്തിശ്രദ്ധയോടുകൂടിയും വിശ്വാസത്തോടുകൂടിയും അനുഷ്ഠിച്ചാൽ തീർച്ചയായും ദോഷം തീരും. അതിനു അനുഭവം തന്നെ സാക്ഷി.
ജ്യോതിഷം കണ്ണ് തുറപ്പിക്കുന്ന ശാസ്ത്രമാണ്; ജ്യോതിഷി കണ്ണ് തുറപ്പിക്കുന്ന ആചാര്യനാണ്; സംശയമില്ല. എന്നാൽ മറ്റൊരാളുടെ കർമ്മ ഫലങ്ങളെ കുറിച്ച് പഠിച്ചു പറയുക എന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. അതോടൊപ്പം ദൈവജ്ഞനും പാപകർമ്മങ്ങൾ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആയതിനാൽ വളരെ ഗുരുഭക്തിയോടും ഉപാസനയോടും ശ്രദ്ധയോടും സദ്ചിന്തയോടും കൂടി കൈകാര്യം ചെയ്യേണ്ട ശാസ്ത്രമാണ് ജ്യോതിഷം.
ഉപസംഹാരം – കർമ്മം സ്വതന്ത്ര ഇച്ഛാശക്തിയാണ്; ജ്യോതിഷം നടപ്പിലാക്കിയ സ്വതന്ത്ര ഇച്ഛാശക്തിയെ വെളിപ്പെടുത്തുന്നു.
ലേഖകൻ ഡോ.ഗോപാലകൃഷ്ണ ശർമ്മ അസ്‌ട്രോലോജെർ 9995955522 [email protected] www.facebook.com/AstrologerSharmaG