News
ആഘോഷങ്ങൾ വീടുകളിലൊതുക്കി ഇന്ന് ചെറിയ പെരുന്നാൾ
കോഴിക്കോട് : ആഘോഷങ്ങൾ വീടുകളിലേക്കൊതുക്കി ഇന്ന് ചെറിയ പെരുന്നാൾ. കോവിഡ് വ്യാപന ഭീതിയിൽ പതിവ് ആഘോഷങ്ങൾ ഇല്ലാതെയാണ് ഇത്തവണ പെരുന്നാൾ . പള്ളികളിലും ഈദ്ഗാഹുകളിലും നടത്തേണ്ട നിസ്കാരങ്ങൾ വീടുകളിൽ നടത്തും.
ലോകം മഹാരോഗത്തിന്റെ ഭീതിയിൽ കഴിയവേ പെരുനാളാഘോഷം ആശ്വസിപ്പിക്കലിന്റെയും പ്രാർത്ഥനയുടെയും സുദിനമായിരിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. സമാധാനത്തോടുകൂടി ജീവിക്കുക, നാം എല്ലാവരും ഒന്നാണ് എന്ന പ്രഖ്യാപനം കൂടിയാണ് ഈദുൽഫിത്തറെന്നും അദ്ദേഹം പറഞ്ഞു.
ചെറിയപെരുന്നാൾ പ്രമാണിച്ച് ഇന്ന് സമ്പൂർണ അടച്ചിടലിൽ ഇളവുകൾ നൽകി. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരിപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ തുറക്കാം.
ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാൻ വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താം.എന്നാൽ സാമൂഹിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ കർശനമായി പാലിക്കണം.