മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 വയസ് തികഞ്ഞു. കോവിഡ് പ്രതിരോധ പോരാട്ടത്തെ മുന്നില്‍നിന്ന് നയിക്കുന്നതിനിടെയാണ് പിറന്നാള്‍ കടന്നുവരുന്നത്. പൊതുവേ വ്യക്തിപരമായ ആഘോഷങ്ങളോട് താല്പര്യമില്ലാത്ത പിണറായി ഇത്തവണയും ആഘോഷങ്ങളില്ലാതെ മാറി നില്‍ക്കുകയാണ് നാടാകെ പ്രതിസന്ധി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുക്കുന്ന മേയ് 25 ന്റെ തലേദിവസമാണ് തന്റെ യഥാര്‍ഥ പിറന്നാള്‍ തീയതി 24 ആണെന്ന് പിണറായി വെളിപ്പെടുത്തിയത്.മുഖ്യമന്ത്രിയായി മൂന്ന് വര്‍ഷവും പിറന്നാള്‍ദിനം സാധാരണ ദിവസം പോലെയാണ് കടന്നുപോയത്.
വിമര്‍ശനങ്ങൾക്കും വെല്ലുവിളികൾക്കും നടുവിലൂടെ തലയുയർത്തി പിടിച്ചു നടന്ന കേരള രാഷട്രീയത്തിലെ സമാനതകള്‍ ഇല്ലാത്ത ചരിത്രമാണ് പിണറായി വിജയന്റെ ജീവിതം. കാർക്കശ്യക്കാരനായ പാർട്ടി സെക്രട്ടറിയിൽ നിന്നും പൊതുജന പിന്തുണ നേടിയ മുഖ്യമന്ത്രിയിലേക്കുള്ള പിണറായിയുടെ മാറ്റം, നിലപാടുള്ള ഒരു ജന നേതാവിനെയും കൂടി ജനങ്ങൾക്ക് നൽകി. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കേരളത്തിന്റെ ഊർജ്ജ സ്രോതസ്സായി മാറിയിരിയ്ക്കുന്നു ഇന്ന് പിണറായിവിജയൻ.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു രണ്ടാമൂഴം കൂടി സ്വപ്നം കാണാനുള്ള കരുത്ത് പകരുന്നത് പിണറായി വിജയനാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ഇടതുപക്ഷത്തിന് ഉയർത്തിപ്പിടിയ്ക്കാൻ നിലവിൽ ആകെയുള്ള ഒരു ജനകീയ നേതാവ് ഈ 75ാം വയസ്സിലും പിണറായി മാത്രമാണ്.