രാജ്യത്ത് 24 മണിക്കൂറിൽ 6767 കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിൽ 6767 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേർക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. കഴിഞ്ഞ ദിവസം 6654 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി. 147 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ആകെ മരണം 3867 ആയി. 73,560 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 54,440 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
വരും ദിവസങ്ങളിൽ രാജ്യത്ത് കൊവിഡ് കേസുകൾ കൂടുതല്‍ ത്രീവ്രമാകുമെന്ന ആശങ്കയിലാണ് ആരോഗ്യമന്ത്രാലയം. അടുത്ത രണ്ട് മാസം കൂടുതല്‍ ജാഗ്രത വേണമെന്നും വെന്റിലേറ്ററുകളുടേയും കിടക്കകളുടെയും എണ്ണം വര്‍ധിപ്പിച്ച് ആശുപത്രികള്‍ കൂടുതല്‍ സജ്ജമായിരിക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും ദിനംപ്രതി വൻ വർദ്ധനവാണ് ഉണ്ടാകുന്നത്. 2500 ൽ അധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ ഉണ്ടായത്. 47190 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 60 മരണങ്ങളാണ് ഉണ്ടായത്. ആകെ മരണം 1577 ആയി.
തമിഴ്നാടാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത് . 24 മണിക്കൂറിനുള്ളിൽ 759 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിതീകരിച്ചത്. ആകെ രോഗബാധിതർ 15512 ആയി. ആകെ 103 പേരാണ് തമിഴ്നാട്ടിൽ കോവിഡ് മൂലം മരണപെട്ടത്.
ഗുജറാത്തിൽ 13664 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ നിരക്കിൽ ഗുജറാത്താണ് രണ്ടാമത്. 829 പേരാണ് ഗുജറാത്തിൽ മരിച്ചത്. മധ്യപ്രദേശിൽ 281 പേരും പശ്ചിമ ബംഗാളിൽ 269 പേരും മരിച്ചു.
ഡൽഹിയിൽ 12910 പേർക്ക് ആകെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 591 പേർക്ക് കോവിഡ് പോസിറ്റീവ് ആയി. 23 പേർ ഇന്നലെ മരണപ്പെട്ടു. ഡൽഹിയിലെ ആകെ മരണം 231 ആയി.
ലോകത്താകമാനം സ്ഥിതി മോശമായി തുടരുകയാണ്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. 3.43 ലക്ഷം പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ മാത്രം 98000 പേര്‍ മരിച്ചു. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്. റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു.