സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് ബാധയാൽ ഒരാൾ കൂടി മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയനാട് സ്വദേശി ആമിന(53)യാണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ആമിനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാൻസർ രോഗബാധിതയായിരുന്നു ആമിന. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവർ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ വെച്ച് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുമ്പോൾ തന്നെ കാൻസർ രോഗത്താൽ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കോവിഡ് ബാധ കൂടി ആയതോടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നൽകിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല. ആമിനയ്ക്ക് എവിടെനിന്നാണ് രോഗം വന്നതെന്ന് അറിവായിട്ടില്ല.