News

പത്താംക്ലാസ്,പ്ലസ്ടു പരീക്ഷയ്ക്കുള്ള മാർഗനിർദേശങ്ങളായി

തിരുവനന്തപുരം : സംസ്ഥാനത്ത് മറ്റന്നാൾ മുതൽ തുടങ്ങുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ പ്രകാരം വിദഗ്ധ സമിതിയുടെ നിർദേശങ്ങൾക്കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗരേഖ പുറത്തിറക്കിയത്.

പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാർഥികളുടെ ഇരിപ്പിടങ്ങൾ തമ്മിൽ 1.5 മീറ്റർ അകലമുണ്ടായിരിക്കണം. എല്ലാ വിദ്യാർഥികളുടെയും തെർമൽ സ്കാനിങ് നടത്തണം. ട്രിപ്പിൾ ലെയർ മാസ്ക് എല്ലാ വിദ്യാർഥികളും ധരിക്കണം. രക്ഷകർത്താക്കളെ സ്കൂൾ ക്യാമ്പസിനകത്ത് പ്രവേശിക്കാൻ അനുവദിക്കരുത്.

വിദ്യാർഥികളുടെ എണ്ണം, ക്ലാസ് മുറികളുടെ എണ്ണം, ഇരിപ്പിട ക്രമീകരണം, വിദ്യാർഥികളുടെ യാത്രാ ക്രമീകരണം എന്നിവ ഉൾപ്പെടുത്തി ഒരു പ്ലാൻ തയ്യാറാക്കണം. ആ പ്ലാൻ അനുസരിച്ച് കൃത്യമായി വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയ്ക്കുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിയ്ക്കുകയും വേണം. സ്കൂൾ അധികൃതർക്കാണ് ഇതിന്റെ ഉത്തരവാദിത്തം.

ലക്ഷദ്വീപ് മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികളുടെയും ക്വാറന്റീനിലുള്ള വിദ്യാർഥികളുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് മുൻകൂട്ടി തയ്യാറാക്കണം. ഈ പട്ടിക ബന്ധപ്പെട്ട സ്കൂളിന് കൈമാറണം. ഈ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണം. സംസ്ഥാനത്തിനുള്ളിലെ ഹോട്ട് സ്പോട്ടുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഹോട്ട്സ്പോട്ടുകൾക്കുള്ളിലെ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ അനുവാദം നൽകണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button