കാലടിയിൽ സിനിമ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
ആലുവ : കാലടിയിൽ സിനിമ സെറ്റ് തകർത്ത സംഭവത്തിൽ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. രാഷ്ട്രീയ ബജ്രംഗ്ദൾ ജില്ലാ പ്രസിഡന്റ് രതീഷ് കാലടി ആണ് അറസ്റ്റിലായത്. അഡീഷണൽ എസ്.പി എൻ ജെ സോജന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂട്ട് പ്രതികളെക്കുറിച്ചറിയാനായി അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് കാലടിയിൽ സനൽ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ഇയാൾ പ്രതിയാവുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് രാഷ്ട്രീയ ബജ്രംഗ് ദളിന്റെ ഭാരവാഹിയാകുന്നത്.
സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ആലുവ റൂറൽ എസ് പിയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഐ പി സി സെക്ഷൻ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.