‘മിന്നൽമുരളി’ എന്ന ടോവിനോ ചിത്രത്തിന്റെ സെറ്റ് അക്രമികൾ അടിച്ചു തകർത്തു
എറണാകുളം : കാലടിയിൽ ‘മിന്നൽമുരളി’ എന്ന ടോവിനോ ചിത്രത്തിന്റെ സെറ്റ് അക്രമികൾ അടിച്ചു തകർത്തു. 80 ലക്ഷം മുടക്കി കാലടി മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ എല്ലാ അനുമതിയോടു കൂടി കെട്ടിപ്പൊക്കിയ വിദേശ നിർമ്മിത മാതൃകയിലുള്ള പള്ളിയുടെ സെറ്റാണ് നശിപ്പിക്കപ്പെട്ടത്. ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുടെ ഫേസ്ബുക് പോസ്റ്റും വന്നിട്ടുണ്ട്.
ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് മിന്നൽമുരളി . 2019 ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം നിർത്തി വച്ചിരുന്നു. ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ ഒരുക്കിയിരുന്ന സെറ്റാണ് അടിച്ചു തകർത്തത്.
സെറ്റ് പൊളിച്ചതിനെ അനുകൂലിച്ച് എ.എച്ച്.പി. സംസ്ഥാന ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. “കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ.” എന്നായിരുന്നു ഹരി പാലോട് ഫേസ്ബുക്കിൽ കുറിച്ചത്.