കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലുള്ള രണ്ട് തടവ്കാർക്ക് കോവിഡ്
കണ്ണൂര്‍ : കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലുള്ള രണ്ട് തടവ്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിലെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൊലീസുകാരും ജയിലധികൃതരും ക്വാറന്റൈനിലാണ്.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 10 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ധര്‍മ്മടത്ത് ഒരു കുടുംബത്തില്‍ രോഗബാധിതരുടെ എണ്ണം എട്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 62 കാരിക്കാണ് ഈ വീട്ടില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. കണ്ണൂരിലെ പിണറായിയെ പുതുതായി ഇന്ന് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി.
ആകെ 49 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്ന് 18 പേരും 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.